ന്യൂഡൽഹി : ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) മുതൽ കാലാവസ്ഥ വ്യതിയാനം, സ്‌ത്രീ ശാക്തീകരണം തുടങ്ങി നിരവധി നിർണായക വിഷയങ്ങളില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സും. ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റങ്ങളെ കൂടിക്കാഴ്‌ച്ചയില്‍ ബില്‍ഗേറ്റ്‌സ് അഭിനന്ദിച്ചു.
ജി 20 ഉച്ചകോടിക്ക് മുമ്പുള്ള വിപുലമായ ചർച്ചകളെക്കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. ജി 20യുടെ പ്രധാന ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിലെ ശുഭാപ്‌തിവിശ്വാസം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്‌തു. സാങ്കേതിക വിദ്യയിലെ വളര്‍ച്ചയുടെയും രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്‍റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഇന്ത്യയുടെ സമീപനത്തെ ബിൽ ഗേറ്റ്‌സ് പ്രശംസിച്ചു.
ഇന്ത്യയിൽ ഡിജിറ്റൽ വിപ്ലവം : ഇന്ത്യയിലെ ഡിജിറ്റൽ വിപ്ലവത്തെക്കുറിച്ചും ആരോഗ്യം, കൃഷി, വിദ്യാഭ്യാസം എന്നീ മേഖലകളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ചയില്‍ വിവരിച്ചു. ഇന്തോനേഷ്യയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പ്രതിനിധികൾ ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തെക്കുറിച്ച് ജിജ്ഞാസ പ്രകടിപ്പിച്ചിരുന്നു. കുത്തകാവകാശം തടയാൻ തങ്ങൾ സാങ്കേതികവിദ്യയെ ജനാധിപത്യവത്‌കരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുത്തുക മാത്രമല്ല, യഥാർഥത്തിൽ അത് മുന്നോട്ട് നയിക്കുകയും ചെയ്യുന്നുവെന്ന് ബിൽ ഗേറ്റ്സ് പ്രധാനമന്ത്രിക്ക് മറുപടി നൽകി.
കൊവിഡ്-19 കാലത്തെ ഇന്ത്യ : ബിൽ ഗേറ്റ്‌സുമായി സംവദിക്കവേ, കൊവിഡ്-19 പാൻഡെമിക് സമയത്ത് ഇന്ത്യയിൽ നടന്ന വാക്‌സിനേഷൻ ഡ്രൈവിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിവരിച്ചു.
'ഒന്നാമതായി, വൈറസിനെതിരായ നമ്മുടെ പോരാട്ടം ജനങ്ങൾ എല്ലാവരും ഉൾക്കൊണ്ടു. അത് 'വൈറസ് vs ഗവൺമെൻ്റ്' അല്ല, 'വൈറസ് vs ലൈഫ്' എന്ന പോരാട്ടമായിരുന്നു. ഇതായിരുന്നു എൻ്റെ ആദ്യത്തെ തത്വശാസ്ത്രം. രണ്ടാമതായി, ആദ്യ ദിവസം മുതൽ എൻ്റെ ആളുകളുമായി ഞാൻ നേരിട്ട് ആശയവിനിമയം നടത്താൻ തുടങ്ങി. ഞാൻ പരസ്യമായി എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചു' അദ്ദേഹം പറഞ്ഞു.
'വാക്‌സിന്‍റെ ഗവേഷണ ചെലവുകൾ കാരണമുണ്ടായ സാമ്പത്തിക വെല്ലുവിളി വളരെ വലുതായിരുന്നു. ആദ്യം വാക്‌സിൻ എടുത്ത് ഞാൻ ആളുകളിൽ ആത്മവിശ്വാസം വളർത്തി. മാത്രമല്ല 95 വയസുള്ള എൻ്റെ അമ്മയും വാക്‌സിൻ എടുത്തു'വെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
'നമോ ഡ്രോൺ ദീദി' : കേന്ദ്ര സർക്കാരിന്‍റെ ‘നമോ ഡ്രോൺ ദീദി’ പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി ബിൽ ഗേറ്റ്‌സിനോട് പറഞ്ഞു. 'ലോകത്തിലെ ഡിജിറ്റൽ വിഭജനത്തെക്കുറിച്ച് കേൾക്കുമ്പോൾ, എൻ്റെ രാജ്യത്ത് അങ്ങനെയൊന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ലെന്നാണ് കരുതിയിരുന്നത്.
ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്‌ചർ അതിൽ തന്നെ ഒരു പ്രധാന ആവശ്യകതയാണ്. ഇന്ത്യയിൽ പുതിയ സാങ്കേതിക വിദ്യ സ്വീകരിക്കാൻ സ്ത്രീകൾ കൂടുതൽ സന്നദ്ധരാണ്. അതിനാലാണ് 'നമോ ഡ്രോൺ ദീദി' പദ്ധതി ആരംഭിച്ചത്. ഇത് വളരെ വിജയകരമായി നടന്നു കൊണ്ടിരിക്കുകയാണ്. സൈക്കിൾ ഓടിക്കാൻ പോലും അറിവില്ലാതിരുന്ന ഞങ്ങൾ ഇപ്പോൾ പൈലറ്റുമാരാണെന്ന് സ്‌ത്രീകൾ പറഞ്ഞു. എല്ലാവരുടേയും ചിന്താഗതികൾ മാറിയിരിക്കുന്നു'വെന്നും മോദി പറഞ്ഞു.
നിർമിത ബുദ്ധി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിൽ ഗേറ്റ്‌സും സാങ്കേതികവിദ്യയുടെയും എഐയുടെയും നേട്ടങ്ങളെ കുറിച്ച് ചർച്ച ചെയ്‌തു. 2023ലെ ജി 20 ഉച്ചകോടിയിൽ എഐ എങ്ങനെ ഉപയോഗിച്ചുവെന്നും, കാശി തമിഴ് സംഗമം പരിപാടിയിൽ തൻ്റെ ഹിന്ദി പ്രസംഗം തമിഴിലേക്ക് വിവർത്തനം ചെയ്‌തതെങ്ങനെ, നമോ ആപ്പിൽ എഐയുടെ ഉപയോഗം എന്നിവ പ്രധാനമന്ത്രി അദ്ദേഹത്തെ അറിയിച്ചു.
ചരിത്രപരമായി, ഒന്നും രണ്ടും വ്യാവസായിക വിപ്ലവങ്ങളിൽ നമ്മൾ പിന്നിലായിരുന്നു, കാരണം നമ്മൾ അന്ന് വികസനത്തിന്‍റെ പാതയിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ, നാലാമത്തെ വ്യാവസായിക വിപ്ലവത്തിൽ ഇന്ത്യ വളരെയധികം നേട്ടമുണ്ടാക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു
മാത്രമല്ല ചാറ്റ്ജിപിടി പോലെയുള്ള സാങ്കേതികവിദ്യ സ്വയം മെച്ചപ്പെടുത്താൻ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. എഐയെ ഒരു മാന്ത്രിക ഉപകരണമായോ ചില ജോലികൾ ചെയ്യാനുള്ള ആളുകളുടെ അലസതയ്ക്ക് പകരമായോ കാണരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡീപ്ഫേക്ക് : ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വളർച്ചയേയും അതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെയും ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുമെന്നും പ്രധാനമന്ത്രിയും ബിൽ ഗേറ്റ്‌സും തമ്മില്‍ സംസാരിച്ചു. 'നമ്മൾ എഐ ഒരു മാന്ത്രിക ഉപകരണമായി ഉപയോഗിക്കുകയാണെങ്കിൽ, അത് ഒരുപക്ഷേ ഗുരുതരമായ പ്രശ്‌നത്തിലേക്ക് നയിച്ചേക്കാം' -എന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.
'ഇത് എഐയുടെ ആദ്യ നാളുകളാണ്. നിങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് തോന്നുന്ന കാര്യങ്ങൾ എഐ ചെയ്യും, എന്നാല്‍ എളുപ്പമെന്ന് നിങ്ങൾ കരുതുന്ന കാര്യങ്ങളിൽ അത് പരാജയപ്പെടും. എഐ ഒരു വലിയ അവസരമാണെന്ന് തോന്നുന്നു, പക്ഷേ അതിനോടൊപ്പം കുറച്ച് വെല്ലുവിളികളും ഉണ്ടെ'ന്ന് ബിൽ ഗേറ്റ്സ് മറുപടി പറഞ്ഞു.
കൃത്യമായ പരിശീലനമില്ലെങ്കില്‍ അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് എഐയുടെ ദുരുപയോഗത്തിനെ കുറിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത്, ആർക്കും ഡീപ്ഫേക്ക് ഉപയോഗിക്കാം. ഡീപ്ഫേക്ക് ഉള്ളടക്കം എഐ ജനറേറ്റഡ് ആണെന്ന് അംഗീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ പുനരുപയോഗ ഊർജം : പുനരുപയോഗ ഊർജത്തിൽ ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് പറയുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'ഗ്രീൻ ഹൈഡ്രജനിൽ പുരോഗതി കൈവരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തമിഴ്‌നാട്ടിൽ ഞാൻ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ബോട്ട് പുറത്തിറക്കി. ഈ ബോട്ട് കാശി - അയോധ്യയിലേക്ക് എത്തിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്, അതിലൂടെ ഗംഗയെ ശുദ്ധീകരിക്കാനുള്ള ശ്രമം വിജയിക്കുകയും പരിസ്ഥിതി ബോധമുള്ള സമൂഹത്തിന് ഇത് ഒരു സന്ദേശം നൽകുകയും ചെയ്യും' -മോദി വ്യക്തമാക്കി.