ഷിംല: മുഖ്യമന്ത്രിക്കുള്ള സമൂസ കാണാതായ സംഭവത്തില്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ച് വിവാദത്തിലായ ഹിമാചല്‍ സര്‍ക്കാരിന് അടുത്ത തലവേദന. ഇക്കുറി വിവാദം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ രൂപത്തിലാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തും വിധമുള്ള ശബ്‌ദസന്ദേശങ്ങള്‍ സര്‍ക്കാര്‍ ബസില്‍ പരസ്യ രൂപത്തില്‍ നല്‍കിയതിന് ഡ്രൈവറോടും കണ്ടക്‌ടറോടും വിശദീകരണം തേടിയിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍.
രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഒരാള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതി നല്‍കുകയായിരുന്നു. ഹിമാചല്‍ റോഡ് ഗതാഗത കോര്‍പ്പറേഷന്‍റെ ഷിംലയില്‍ നിന്ന് സജ്ഞൗലിയിലേക്ക് സര്‍വീസ് നടത്തുന്ന ബസിലാണ് ശബ്‌ദ സന്ദേശം നല്‍കിയത്. ഇതില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ ശബ്‌ദവും കേള്‍ക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏതായാലും ഡ്രൈവറോടും കണ്ടക്‌ടറോടും വിശദീകരണം തേടിയ നോട്ടീസ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബസ് യാത്രക്കാരനില്‍ നിന്ന് കിട്ടിയ ഒരു സാധാരണ പരാതിയാണിതെന്നും സ്വഭാവിക നടപടി ക്രമങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്‌തതെന്നും എച്ച്ആര്‍ടിസി മാനേജിങ് ഡയറക്‌ടര്‍ റോഹന്‍ ചന്ദ് ഠാക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതോടെ അന്വേഷണം അവസാനിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ബസുകളില്‍ ഇത്തരം ശബ്‌ദ സന്ദേശങ്ങള്‍ കേള്‍പ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ധര്‍മ്മശാലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുധീര്‍ ശര്‍മ്മ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന് ഒരു പരിപാടിക്കിടെ കൊണ്ടു വന്ന സമൂസകള്‍ അബദ്ധത്തില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സംഭവത്തില്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് വലിയ വിവാദത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. ഡിഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. മുഖ്യമന്ത്രിക്കായി മൂന്ന് പാക്കറ്റുകളിലായി സമൂസയും മറ്റും എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. എന്നാല്‍ സിഐഡി ഓഫിസിലുണ്ടായിരുന്ന ഒരു എസ്ഐയും ഹെഡ് കോൺസ്‌റ്റബിളും ചേര്‍ന്ന് ഡിഎസ്‌പിക്കും മറ്റ് സെക്യൂരിറ്റി ജീവനക്കാർക്കുമായി ഈ ഭക്ഷണം അബദ്ധത്തില്‍ വിതരണം ചെയ്‌തതായി കണ്ടെത്തി.
അന്വേഷണ റിപ്പോര്‍ട്ട് വൈറലായതിന് പിന്നാലെ മുഖ്യമന്ത്രിക്ക് വിമര്‍ശനവും ആക്ഷേപവും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. സംഭവം പ്രതിപക്ഷവും ഏറ്റെടുത്തു. വികസനത്തിലും പൊതുസമൂഹത്തിലുമല്ല, മുഖ്യമന്ത്രിയുടെ സമൂസയിലാണ് സർക്കാരിന് ആശങ്കയെന്ന് ബിജെപി വിമര്‍ശിച്ചു.