ഗുവാഹത്തി : അസമില്‍ ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് -എന്‍ആര്‍സി (ഇന്ത്യന്‍ പൗരന്മാരുടെ പേരുകള്‍ ഉള്‍ക്കൊള്ളുന്ന രജിസ്റ്റര്‍ -പൗരപ്പട്ടിക) അപേക്ഷയുടെ രസീത് നമ്പര്‍ നിര്‍ബന്ധമായും നല്‍കണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ശനിയാഴ്‌ച (സെപ്‌റ്റംബര്‍ 7) ആണ് ഹിമന്തയുടെ പ്രഖ്യാപനം. അസമിലെ നാല് ജില്ലകളില്‍ നിലവിലുള്ള ജനസംഖ്യയെക്കാള്‍ അധികം ആധാര്‍ കാര്‍ഡ് ഉടമകള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബാര്‍പേട്ട, ധുബ്രി, മൊറിഗാവ്, നാഗോണ്‍ എന്നീ ജില്ലകളിലാണ് അധിക ആധാര്‍ കാര്‍ഡ് ഉടമകള്‍ ഉള്ളത് എന്നാണ് മുഖ്യമന്ത്രിയുടെ വാദം. വിശദമായ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടി ക്രമങ്ങള്‍ തയ്യാറാക്കുകയും അത് ഒക്‌ടോബര്‍ ഒന്ന് മുതല്‍ നടപ്പിലാക്കുകയും ചെയ്യുമെന്നും ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.
'നിങ്ങള്‍ പൗരപ്പട്ടികയില്‍ ഉള്‍പ്പെടുകയോ അതിനായി അപേക്ഷിക്കുകയോ ചെയ്‌തിട്ടെങ്കില്‍ നിങ്ങള്‍ക്ക് അസമില്‍ ആധാര്‍ കാര്‍ഡ് ലഭിക്കില്ല. കാര്യങ്ങള്‍ സൂക്ഷ്‌മമായി പരിശോധിച്ച് നടപടി ക്രമങ്ങള്‍ കര്‍ശനമാക്കും' -ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ബാര്‍പേട്ട 103 ശതമാനം, ധുബ്രി 103 ശതമാനം, മൊറിഗാവ് 101 ശതമാനം എന്നിങ്ങനെയാണ് ജനസംഖ്യയിലും അധികമായുള്ള ആധാര്‍ കാര്‍ഡ് ഉടമകളുടെ കണക്ക്. മൂന്ന് ജില്ലകളും മുസ്‌ലിം ഭൂരിപക്ഷ മേഖലകളാണ്. ഇവിടങ്ങളില്‍ സ്വദേശീയരല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അനധികൃത കുടിയേറ്റം കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ഉള്ള ശ്രമങ്ങള്‍ തങ്ങള്‍ ശക്തമാക്കുെമന്നും ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. 2019ല്‍ യുഐഡിഎഐ (യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) ബയോമെട്രിക്കുകള്‍ തടഞ്ഞ 9.35 ലക്ഷത്തിലധികം ആളുകള്‍ക്ക് സെപ്‌റ്റംബര്‍ മാസത്തില്‍ തന്നെ അവരുടെ ആധാര്‍ കാര്‍ഡ് ലഭ്യമാക്കും. അടുത്ത ദിവസങ്ങളില്‍ തന്നെ യുഐഡിഎഐ പ്രോട്ടോകോള്‍ കൊണ്ടുവരുമെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി.