ന്യൂഡൽഹി: കൊലപാതക കേസിലും ഭീകരാക്രമണത്തിന് പണം നൽകിയ കേസിലും ശിക്ഷിക്കപ്പെട്ട യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന എൻഐഎ നൽകിയ ഹർജിയില്‍ വാദം കേൾക്കുന്നത് ഡൽഹി ഹൈക്കോടതി മെയ് മാസത്തേക്ക് മാറ്റി. ഈ കേസ് പരിഗണിക്കുന്ന ബെഞ്ച് ബുധനാഴ്‌ച ലഭ്യമല്ലാത്തതിനാലാണ് വാദം കേൾക്കുന്നത് മാറ്റിവച്ചത് (Delhi High Court Postpones Hearing in NIA Plea For Death Sentence To Yasin Malik).
കേസും ശിക്ഷയും ഇങ്ങനെ: 2019 ൽ അറസ്‌റ്റിലായ യാസിന് ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ കഴിഞ്ഞവർഷം എൻഐഎ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു. 2022 മെയ് 25 ന് പട്യാല ഹൗസ് കോടതി യാസിൻ മാലിക്കിനെ കൊലപാതകം, തീവ്രവാദ ഫണ്ടിങ് കേസുകൾ എന്നിവ ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
യുഎപിഎ സെക്ഷൻ 17 പ്രകാരം 10 ലക്ഷം രൂപ പിഴയും, സെക്ഷൻ 18 പ്രകാരം പത്ത് വർഷം തടവും 10,000 രൂപ പിഴയും, സെക്ഷൻ 20 പ്രകാരം പത്ത് വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. യാസിൻ മാലിക്കിന് ലഭിച്ച ഈ ശിക്ഷകളെല്ലാം ഒരേസമയം നടപ്പാക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതായത് പരമാവധി ശിക്ഷയായ ജീവപര്യന്തവും 10 ലക്ഷം രൂപ പിഴയും പ്രാബല്യത്തിൽ വരും. തുടർന്ന് 2022 മെയ് 10 ന് യാസിൻ മാലിക് കുറ്റം സമ്മതിച്ചു. 2022 മാർച്ച് 16 ന് കോടതി ഹാഫിസ് സയീദ്, സയ്യിദ് സലാഹുദ്ദീൻ, യാസിൻ മാലിക്, ഷബ്ബീർ ഷാ, മസ്രത്ത് ആലം, റാഷിദ് എഞ്ചിനീയർ, സഹൂർ അഹമ്മദ് വതാലി, ബിട്ട കരാട്ടെ, അഫ്‌താഫ് അഹമ്മദ് ഷാ, അവതാർ അഹമ്മദ് ഷാ, നയീം ഖാൻ, ബഷീർ അഹമ്മദ് സൈഫുള്ള തുടങ്ങിയവരെ അറസ്‌റ്റ് ചെയ്‌തിരുന്നു.
നേരത്തെ എൻഐഎയുടെ ഹർജി പരിഗണിച്ചതിന് ശേഷം 2023 മെയ് 29 ന് ഹൈക്കോടതി യാസിൻ മാലിക്കിന് നോട്ടിസ് അയച്ചിരുന്നു. വാദം കേൾക്കുന്നതിനിടെ യാസിൻ മാലിക്കിനെതിരായ ആരോപണങ്ങൾ വിചാരണ കോടതി കണ്ടെത്തിയതായി എൻഐഎയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 121-ാം വകുപ്പ് പ്രകാരം ഇന്ത്യാ ഗവൺമെൻ്റിനെതിരെ യുദ്ധം ചെയ്‌താൽ വധശിക്ഷയ്ക്ക് വ്യവസ്ഥയുണ്ടെന്നും അത്തരം കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്നും നാല് വ്യോമസേനാ സൈനികരുടെ കൊലപാതകത്തിൽ യാസിൻ മാലിക്കിന് പങ്കുണ്ടെന്നും മേത്ത പറഞ്ഞു.
ഇയാളുടെ കൂട്ടാളികൾ അന്നത്തെ ആഭ്യന്തര മന്ത്രിയുടെ മകളായ റുബിയ സയീദിനെ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് തട്ടിക്കൊണ്ടുപോയവരെ വിട്ടയച്ചു. വിചാരണക്കോടതിയുടെ ഉത്തരവിൽ 4 വ്യോമസേനാ ഉദ്യോഗസ്ഥരുടെ കൊലപാതകത്തെ കുറിച്ച് എന്തെങ്കിലും പരാമർശമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
നാല് വ്യോമസേനാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസ് വിധി പകർപ്പിൽ ഇല്ലെന്ന് മേത്ത പറഞ്ഞിരുന്നു. ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ, ജെകെഎൽഎഫ്, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ സഹായത്തോടെ ജമ്മു കശ്‌മീരിൽ സാധാരണക്കാർക്കും സുരക്ഷാ സേനയ്ക്കുമെതിരെ ആക്രമണങ്ങൾ നടത്തിയതായി എൻഐഎ പറഞ്ഞു.
1993ൽ വിഘടനവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസ് രൂപീകരിക്കുകയും നേതാക്കളുമായി ചേർന്ന് ഹാഫിദ് സയീദ് ഹവാല വഴിയും മറ്റ് മാർഗങ്ങളിലൂടെയും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പണം ഇടപാട് നടത്തിയെന്നുമാണ് എൻഐഎ പറയുന്നത്.