ന്യൂഡൽഹി : രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ സമ്പൂർണമായി പരിഷ്‌കരിക്കുന്നതിന്‍റെ ഭാഗമായി പുതുതായി പാസാക്കിയ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവയാണ് ഈ നിയമങ്ങള്‍. കൊളോണിയല്‍ കാലം മുതലുണ്ടായ ഐപിസി, സിആര്‍പിസി (ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം) 1872 ലെ തെളിവ് നിയമം എന്നിവയ്‌ക്ക് പകരമുള്ള നിയമങ്ങളാണിത്.
ഈ നിയമങ്ങൾക്ക് കഴിഞ്ഞ വർഷം ഡിസംബർ 21 ന് പാർലമെൻ്റിൻ്റെ അംഗീകാരം ലഭിച്ചു, ഡിസംബർ 25 ന് രാഷ്ട്രപതി ദ്രൗപതി മുർമു അവയ്‌ക്ക് അംഗീകാരം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മൂന്ന് വിജ്ഞാപനങ്ങൾ പ്രകാരം, പുതിയ നിയമങ്ങളുടെ വ്യവസ്ഥകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.
കൊളോണിയൽ കാലഘട്ടത്തിലെ ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം, 1872-ലെ ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവ യഥാക്രമം മാറ്റിസ്ഥാപിക്കുക. വിവിധ കുറ്റകൃത്യങ്ങളുടെയും അവയുടെ ശിക്ഷകളുടെയും നിർവചനങ്ങൾ നൽകിക്കൊണ്ട് രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ പൂർണമായും മാറ്റിമറിക്കുന്നതാണ് മൂന്ന് നിയമനിർമാണങ്ങളും ലക്ഷ്യമിടുന്നത്.
രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനായാണ് പുതിയ നിയമ നിര്‍മാണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. തീവ്രവാദം, ആള്‍ക്കൂട്ട കൊലപാതകം, ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കുള്ള ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതാണ് പുതിയ നിയമങ്ങള്‍.
ശിക്ഷ നല്‍കുന്നതിനേക്കാള്‍ നീതി ലഭ്യമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കവേ പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു. പുതിയ ഭേദഗതിയെ കുറിച്ച് പാര്‍ലമെന്‍റില്‍ സവിസ്‌തരം സംസാരിച്ച അമിത് ഷാ രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ പൂർണമായും മാറ്റിമറിക്കുന്നതാണ് മൂന്ന് നിയമ നിർമ്മാണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും, നിയമങ്ങള്‍ രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും രാജ്യദ്രോഹ കുറ്റകൃത്യങ്ങളെയും ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
Also Read: പുതിയ ക്രിമിനല്‍ നിയമങ്ങള്‍; ഐപിസിയും സിആര്‍പിസിയും ഇന്ത്യന്‍ തെളിവ് നിയമവും വഴി മാറി
ഇക്കഴിഞ്ഞ ഓഗസ്‌റ്റിലുണ്ടായ പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തിലാണ് ബില്ലുകള്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ആഭ്യന്തരകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ഇതേക്കുറിച്ച് നിരവധി ശുപാര്‍ശകള്‍ നല്‍കി. ഇതിന് പിന്നാലെ ബില്ലുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ വീണ്ടും പുതുക്കിയ പതിപ്പുകള്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുകയായിരുന്നു. സമഗ്രമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് മൂന്ന് ബില്ലുകളും തയ്യാറാക്കിയതെന്നും അതിന്‍റെ ഓരോ കുത്തും കോമയും പരിശോധിച്ചിട്ടുണ്ടെന്നും അമിത് ഷാ പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു.