രേവ: സവിശേഷമായ നേട്ടത്തിന്‍റെ തിളക്കത്തിലാണ് മധ്യപ്രദേശിലെ രേവ എന്ന ജില്ല. രാജ്യത്തെ കരസേന, നാവികസേന മേധാവികൾക്ക് രേവയുമായുള്ള അഭേദ്യമായ ബന്ധമാണ് ഇതിന് കാരണം. കഴിഞ്ഞ ദിവസമാണ് രേവ ജില്ലക്കാരനായ ലെഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയെ ഇന്ത്യൻ ആർമി ചീഫായി നിയമിക്കാൻ തീരുമാനമായയത്. അദ്ദേഹം രേവയിലെ സൈനിക സ്‌കൂളിലെ പൂർവ വിദ്യാർഥിയാണ്.
നാവികസേനയുടെ കമാൻഡർ ദിനേഷ് ത്രിപാഠിയും രേവ സൈനിക സ്‌കൂളിലെ പൂർവ വിദ്യാർഥിയാണ്. സൈനിക് സ്‌കൂൾ ഓഫ് രേവയിൽ നിന്ന് പഠിച്ചിറങ്ങിയ സഹപാഠികൾ കൂടിയാണ് ഉപേന്ദ്ര ദ്വിവേദിയും ദിനേഷ് ത്രിപാഠിയും. ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനൻ്റ് ജനറലായിരുന്ന ഉപേന്ദ്ര ദ്വിവേദിയെ കരസേന മേധാവിയായി ചുമതലയേൽപ്പിക്കുകയായിരുന്നു. ജൂൺ 30ന് അദ്ദേഹം പുതിയ ചുമതലയേൽക്കും.
നേവി ചീഫും ആർമി ചീഫും രേവ സൈനിക് സ്‌കൂളിലെ വിദ്യാർഥികൾ: ഇന്ത്യൻ നാവികസേനയിൽ റിയർ അഡ്‌മിറലായിരുന്ന സത്‌ന ജില്ലക്കാരനായ ദിനേഷ് ത്രിപാഠി നാവികസേന മേധാവിയായത് ഏതാനും മാസങ്ങൾ മുൻപാണ്. ഇതിന് പിന്നാലെയാണ് രേവയിൽ താമസിക്കുന്ന ഇന്ത്യൻ ആർമി ലെഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയെ ഡെപ്യൂട്ടി ആർമി ചീഫ് സ്ഥാനത്ത് നിന്ന് കരസേനാ മേധാവിയായി സ്ഥാനക്കയറ്റം നൽകി പ്രഖ്യാപനമായത്.
അച്‌ഛൻ്റെ സ്വപ്‌നം സാക്ഷാത്കരിച്ച മക്കൾ: കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി രേവ ജില്ലയിലെ ഗഢിൽ സ്ഥിതി ചെയ്യുന്ന മുദില ഗ്രാമത്തിലെ താമസക്കാരനാണ്. ഉപേന്ദ്ര ദ്വിവേദിയുടെ പിതാവ് ശ്രീകൃഷ്‌ണ ദ്വിവേദി സംസ്ഥാനത്തെ ആദ്യ ഖനന ഉദ്യോഗസ്ഥൻ കൂടിയാണ്. ഉപേന്ദ്ര ദ്വിവേദിയടക്കം നാല് മക്കളാണ് ശ്രീകൃഷ്‌ണ ദ്വിവേദിക്ക്. മക്കൾ ഡോക്‌ടറും എഞ്ചിനീയറും പട്ടാള ഉദ്യോഗസ്ഥനുമൊക്കെ ആകണമെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ ആഗ്രഹം. ഒടുക്കം മക്കൾ അച്‌ഛന്‍റെ സ്വപ്‌നം സാക്ഷാത്കരിച്ചു.
ശ്രീകൃഷ്‌ണയുടെ മൂത്തമകൻ ഡോ. പി സി ദ്വിവേദി രേവ മെഡിക്കൽ കോളജ് ഡീനായി വിരമിച്ചു. രണ്ടാമത്തെ മകൻ പിഎസ് ദ്വിവേദി ഭോപ്പാലിൽ ജലസേചന വകുപ്പിൽ ചീഫ് എഞ്ചിനീയറായി വിരമിച്ചു. മൂന്നാമത്തെ മകനാണ് ഉപേന്ദ്ര ദ്വിവേദി. ജബൽപൂരിലെ ജില്ല ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിക്കുകയാണ് മകളായ ഡോ. പുഷ്‌പ പാണ്ഡെ.
ഛത്തീസ്‌ഗഡിലെ അംബികാപൂരിൽ നിന്നാണ് ഉപേന്ദ്ര ദ്വിവേദി പ്രാഥമിക വിദ്യാഭ്യാസം നേടിയത്. അഞ്ചാം ക്ലാസിന് ശേഷം സൈനിക് സ്‌കൂളിൽ പ്രവേശനം നേടി. 1981-ലാണ് ഇദ്ദേഹം ഇന്ത്യൻ സൈന്യത്തിൽ ചേർന്നത്. ജമ്മു കശ്‌മീർ റൈഫിൾസ് ബറ്റാലിയൻ്റെ കമാൻഡിംഗ് ഓഫിസറായും ഉപേന്ദ്ര ദ്വിവേദി പ്രവർത്തിച്ചിട്ടുണ്ട്. ഇൻസ്‌പെക്‌ടർ ജനറൽ അസം റൈഫിൾസ് മണിപ്പൂർ, അഡിഷണൽ ഡയറക്‌ടർ ജനറൽ ആർമി ഹെഡ്ക്വാർട്ടേഴ്‌സ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ഐക്യരാഷ്‌ട്രസഭയ്‌ക്കൊപ്പം സോമാലിയയിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് ഉപേന്ദ്ര ദ്വിവേദി എത്തിയിരുന്നു. യുഎസ്എയിലെ വാഷിംഗ്‌ടണിലുള്ള യുഎസ് ആർമി വാർ കോളജിൽ നിന്ന് പ്രത്യേക പരിശീലനം നേടി.
Also Read:
- ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി
- മൾട്ടി റോൾ ഹെലികോപ്റ്ററുകളെത്തി; ഇന്ത്യൻ നാവികസേനയുടെ കരുത്തിന് കൂട്ടായായി എംഎച്ച് 60 ആർ സീഹോക്ക്
- ചരിത്രം കുറിച്ച് ഇന്ത്യന്‍ നാവികസേന; ആൻഡമാൻ ദ്വീപിലെ തുറമുഖത്തേക്ക് കൽവാരി ക്ലാസ് അന്തർവാഹിനിയെത്തി
- നാവികസേനയ്ക്ക് വർധിത വീര്യം; അമേരിക്കൻ നിർമ്മിത സീഹോക്ക് ഹെലികോപ്റ്ററുകൾ കമ്മീഷൻ ചെയ്‌തു