ന്യൂഡല്‍ഹി: വീണ്ടും രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് നിയുക്‌ത പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച ഭരണം കാഴ്‌ച വയ്ക്കുമെന്നും അദ്ദേഹം രാജ്യത്തെ ജനങ്ങള്‍ക്ക് വാഗ്‌ദാനം നല്‍കി. എന്‍ഡിഎ യോഗം ഏകകണ്‌ഠമായി മോദിയെ പ്രധാനമന്ത്രിയായി നിര്‍ദേശിച്ച ശേഷം പുതുതായി തെരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎയുടെ പാര്‍ലമെന്‍റ് അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡിഎ എന്നാല്‍ പുതിയ ഇന്ത്യ, വികസിത ഇന്ത്യ പ്രത്യാശയുള്ള ഇന്ത്യ എന്നാണെന്നും മോദി എന്‍ഡിഎ യോഗത്തിന് ശേഷം പറഞ്ഞു. സമവായം ഉറപ്പാക്കി മുന്നോട്ട് പോകുമെന്നും മോദി വ്യക്തമാക്കി. അദ്ദേഹത്തെ ബിജെപി നേതാവായും എന്‍ഡിഎ പാര്‍ലമെന്‍ററി കക്ഷി നേതാവായും ലോക്‌സഭ നേതാവായും ഔദ്യോഗികമായി തെരഞ്ഞെടുത്തു.
കേരളത്തിലെ വിജയം രക്തസാക്ഷികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു. കേരളത്തില്‍ ബിജെപി ജയിക്കുന്നത് തടയാന്‍ ഇരുമുന്നണികളും കിണഞ്ഞു ശ്രമിച്ചു. ജമ്മുകശ്‌മീരിലെ ജനങ്ങള്‍ സഹിച്ചതിനെക്കാള്‍ ത്യാഗം കേരളത്തിലെ പ്രവര്‍ത്തകര്‍ സഹിച്ചെന്നും മോദി ചൂണ്ടിക്കാട്ടി.
എന്‍ഡിഎ സഖ്യത്തിന്‍റെ ശക്തി എടുത്ത് കാട്ടി ആയിരുന്നു മോദിയുടെ പ്രസംഗം. മോദി സര്‍ക്കാരെന്ന് പറയാതെ എന്‍ഡിഎ സര്‍ക്കാര്‍ എന്ന് പ്രസംഗത്തിലൂടനീളം ആവര്‍ത്തിച്ചു. സമാവായത്തോടെ മുന്നോട്ട് പോകുമെന്ന് പറഞ്ഞ മോദി രാജ്യത്തിന്‍റെ വികസനത്തിന് വിഘാതമാകുന്ന ഒരു നടപടിയും അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ഇന്ത്യ സഖ്യത്തിനെതിരെയും മോദി ആഞ്ഞടിച്ചു. പത്ത് വര്‍ഷമായിട്ടും അവര്‍ക്ക് നൂറ് സീറ്റ് തികയ്ക്കാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യം കള്ളം പ്രചരിപ്പിക്കുന്നുവെന്നും മോദി ആരോപിച്ചു.
സഖ്യ കക്ഷി നേതാക്കളും മോദിക്കൊപ്പം വേദിയിലുണ്ടായിരുന്നു. എന്‍ഡിഎ ഭരണത്തില്‍ ഒരു ദശകം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇത് അസാധാരണമൊന്നുമല്ല. ഇതാണ് ഏറ്റവും വിജയകരമായ സഖ്യമെന്ന് തനിക്ക് പറയാനാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്‍റെ ഭരണം പിടിക്കാനായി തട്ടിക്കൂട്ടിയ ചില കക്ഷികളുടെ ഒരു സംഘമല്ല എന്‍ഡിഎ. രാജ്യത്തിന് പ്രഥമ പരിഗണന നല്‍കുന്ന ഒരു സംഘമാണ്. തങ്ങളുടെ അടിസ്ഥാന വികാരം തന്നെ രാജ്യം ആദ്യം എന്നതാണ്. തന്നെ നേതാവായി തെരഞ്ഞെടുത്ത സഖ്യകക്ഷികള്‍ക്കും മോദി നന്ദി പറഞ്ഞു. നേരത്തെ ജെഡിയു, ടിഡിപി ശിവസേന തുടങ്ങിയ കക്ഷികളുടെ നേതാക്കള്‍ യോഗം ചേര്‍ന്ന് മോദിയെ നേതാവായി തെരഞ്ഞെടുക്കാനുള്ള പ്രമേയത്തിന് അംഗീകാരം നല്‍കിയിരുന്നു.
ഇതിനിടെ കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗം സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പായതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. നരേന്ദ്ര മോദിക്കൊപ്പം ഞായറാഴ്‌ച തന്നെ സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന.
Also Read: മോദിയ്‌ക്ക് മൂന്നാമൂഴം, എൻഡിഎ നേതാവായി തെരഞ്ഞെടുത്തു; തീരുമാനം പാർലമെന്‍ററി പാർട്ടി യോഗത്തിൽ