ബീജാപൂർ (ഛത്തീസ്‌ഗഡ്): സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നക്‌സലൈറ്റ് കൊല്ലപ്പെട്ടു. ബീജാപൂർ ജില്ലയിലെ ഭൈരംഗഡിലെ കേശ്‌കുതുൽ മേഖലയിലാണ് സംഭവം. സ്ഥലത്ത് നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് ബിജാപൂർ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പ്രതികരിച്ചു.
ഈ ആഴ്‌ച ആദ്യം ഛത്തീസ്‌ഗഡിലെ ബസ്‌തർ മേഖലയിൽ സ്ഥിതി ചെയ്യുന്ന കങ്കറിൽ നടന്ന ഏറ്റുമുട്ടലിൽ 29 നക്‌സലുകൾ കൊല്ലപ്പെടുകയും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ജനുവരി മുതൽ ഇന്നുവരെ 71 നക്‌സലുകളെ ഏറ്റുമുട്ടലില്‍ വധിച്ചതായും, നക്‌സലുകൾക്കെതിരായ പോരാട്ടം നിർണ്ണായക ഘട്ടത്തിലാണെന്നും ബസ്‌തർ ഇൻസ്‌പെക്‌ടർ (ഐജി) പി സുന്ദർരാജ് പറഞ്ഞു.
'2024 ജനുവരി മുതൽ ഇന്നുവരെ 71 നക്‌സലുകളെ വധിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഢിലെ പ്രധാന മുന്നേറ്റങ്ങളിലൊന്നാണിത്. നക്‌സലുകൾക്കെതിരായ പോരാട്ടം നിർണ്ണായക ഘട്ടത്തിലാണ്. നക്‌സലൈറ്റുകൾക്കെതിരെ ഈ പ്രദേശത്തിനും ജനങ്ങൾക്കും ഒരു പുതിയ ഐഡന്‍റിറ്റി നൽകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്' ഐജി സുന്ദർരാജ് പി വ്യക്തമാക്കി.
അതേസമയം ഏപ്രില്‍ 16-ന് കാങ്കർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 29 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടതിന് ശേഷം ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായി ജില്ലാ റിസർവ് ഗാർഡിനെയും ബിഎസ്എഫ് ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചിരുന്നു. വലിയ നേട്ടം എന്ന് അദ്ദേഹം അതിനെ വിശേഷിപ്പിച്ചു. 29 നക്‌സലുകൾ കൊല്ലപ്പെട്ട ഈ ഓപ്പറേഷൻ സമീപകാലത്തെ ഏറ്റവും വലിയ നക്‌സൽ വിരുദ്ധ ഓപ്പറേഷനുകളിലൊന്നായി കണക്കാക്കപ്പെടുന്നു.