ന്യൂഡൽഹി: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. ശനിയാഴ്‌ചയാണ് (ഓഗസ്റ്റ് 10) അദ്ദേഹം ദുരന്തമുഖത്ത് എത്തുക. ദുരന്ത മേഖലയും ദുരിതാശ്വാസ ക്യാമ്പും സന്ദർശിക്കുമെന്നാണ് വിവരം. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ശേഷം ഹെലികോപ്‌റ്ററിലാകും അദ്ദേഹം വയനാട്ടിലേക്ക് തിരിക്കുക.
ഓഗസ്റ്റ് ഒന്നിന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദുരന്തസ്ഥലവും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചിരുന്നു. വയനാട്ടിലെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ രാഹുൽ ഗാന്ധി ലോക്‌സഭയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം വയനാട്ടിലെ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പരിഗണിക്കുമോ എന്നതിൽ നിർണായകമായിരിക്കും. അതേസമയം സന്ദർശനം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നും ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.