ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് അടക്കം സംഭാല്‍ സന്ദര്‍ശനത്തിന് പോയ കോണ്‍ഗ്രസ് നേതാക്കളെ ഘാസിപ്പൂര്‍ അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് ലോക്‌സഭാംഗം പ്രിയങ്കാ ഗാന്ധി വാദ്ര, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ഡല്‍ഹി-മീററ്റ് അതിവേഗപാതയിലെ ഘാസിപ്പൂരിലാണ് സംഘത്തെ പൊലീസ് തടഞ്ഞത്.
റോഡില്‍ ബാരിക്കേഡുകള്‍ നിരത്തിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനവ്യൂഹത്തെ തടഞ്ഞത്. ഇത് അതിവേഗ പാതയില്‍ വന്‍ ഗതാഗതക്കുരുക്കും സൃഷ്‌ടിച്ചു. തങ്ങളുടെ നേതാക്കളും നേരത്തെ അവിടം സന്ദര്‍ശിക്കാനായി പോയിരുന്നെന്നും എന്നാല്‍ അവരെയും തടയുകയായിരുന്നുവെന്നും സമാജ് വാദി പാര്‍ട്ടി എംപി രാം ഗോപാല്‍ യാദവ് പറഞ്ഞു. സംഘര്‍ഷബാധിത പ്രദേശമായ സംഭാലിലേക്ക് രാഹുലും പ്രിയങ്കയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നതറിഞ്ഞ് പ്രദേശത്ത് സുരക്ഷ സന്നാഹങ്ങള്‍ കര്‍ശനമാക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്ത് വന്നാലും സംഭാല്‍ സന്ദര്‍ശിക്കുമെന്നും ഇരകളുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും അവരുടെ ശബ്‌ദം സഭയിലെത്തിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് അജയ് കുമാര്‍ ലല്ലു നേരത്തെ പറഞ്ഞിരുന്നു. എന്ത് കൊണ്ടാണ് സര്‍ക്കാര്‍ തങ്ങളെ തടയുന്നത്?. അവര്‍ക്ക് എന്താണ് തങ്ങളില്‍ നിന്ന് മറയ്ക്കാനുള്ളത്?. എന്തിനെയാണ് അവര്‍ ഭയക്കുന്നത്?.
#WATCH | Lok Sabha LoP and Congress MP Rahul Gandhi at the Ghazipur border where he along with other Congress leaders have been stopped by Police on their way to violence-hit Sambhal. pic.twitter.com/HFu9Z4q07z
— ANI (@ANI) December 4, 2024
പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് അറിയാനുള്ള അവകാശം രാഹുലിനുണ്ട്. സംഭാല്‍ സംഭവം അങ്ങേയറ്റം അപലപനീയമാണ്. ജനങ്ങള്‍ കൊല്ലപ്പെടുന്നു. ആരാണ് ഇതിന് ഉത്തരവാദികള്‍?. പ്രതിപക്ഷ നേതാവ് സ്ഥലം സന്ദര്‍ശിച്ചില്ലെങ്കില്‍ ഈ വിഷയം എങ്ങനെ പാര്‍ലമെന്‍റില്‍ എത്തും?. സംഭാലില്‍ എന്ത് സംഭവിച്ചുവെന്ന് തങ്ങള്‍ക്കറിയണം. എന്നാല്‍ സര്‍ക്കാര്‍ ഇതിന് അനുവദിക്കുന്നില്ല. ഇത് ഏകാധിപത്യമല്ലേ? രാഹുല്‍ ഏതായാലും സംഭാല്‍ സന്ദര്‍ശിക്കുക തന്നെ ചെയ്യുമെന്നും ഇരകളുടെ കുടുംബാംഗങ്ങളെ കാണുമെന്നും ലല്ലു എഎന്‍ഐയോട് പറഞ്ഞു.
അതേസമയം പൊലീസ് തടഞ്ഞതോടെ രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കള്‍ തിരികെ ഡല്‍ഹിയിലേക്ക് മടങ്ങി. ഏതാണ്ട് രണ്ടു മണിക്കൂറോളമാണ് നേതാക്കളെ അതിര്‍ത്തിയില്‍ തടഞ്ഞത്. പ്രതിപക്ഷ നേതാവിന്‍റെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ് ചെയ്‌തതെന്ന് രാഹുല്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഭരണഘടന ലംഘനം നടത്തിയെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഈ മാസം പത്ത് വരെ സംഭാലില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണെന്നും അത് കൊണ്ട് നേതാക്കളെ അങ്ങോട്ടേക്ക് വിടാനാകില്ലെന്നുമായിരുന്നു ഉത്തര്‍പ്രദേശ് പൊലീസിന്‍റെ നിലപാട്. പൊലീസ് വാഹനത്തില്‍ തങ്ങളില്‍ നാല് പേരെയെങ്കിലും അവിടേക്ക് കൊണ്ടുപോകണമെന്ന് രാഹുലും പ്രിയങ്കയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല.
#WATCH | Visuals from Ghazipur border where Lok Sabha LoP & Congress MPs Rahul Gandhi, Priyanka Gandhi Vadra and other Congress leaders have been stopped by Police on the way to violence-hit Sambhal. pic.twitter.com/eqad86lxr0
— ANI (@ANI) December 4, 2024
കഴിഞ്ഞ മാസം 24നാണ് സംഭാലില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മുഗള്‍ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട ഒരു പള്ളിയില്‍ ഇന്ത്യന്‍ പുരാവസ്‌തു വകുപ്പ് നടത്തിയ പരിശോധനയാണ് സംഘര്‍ഷത്തിന് വഴിമരുന്നിട്ടത്. സംഭവത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പൊലീസും പ്രതിഷേധക്കാരുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.
പള്ളി നേരത്തെ ഒരു ക്ഷേത്രം ഉണ്ടായിരുന്ന ഭൂമിയിലാണ് നിലനില്‍ക്കുന്നതെന്ന് കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ പരിശോധന നടത്തിയത്.