ന്യൂഡൽഹി : കുവൈറ്റിലെ തീപിടിത്തത്തിൽ പരിക്കേറ്റ ഇന്ത്യക്കാരുടെ ചികിത്സയ്‌ക്ക് മേൽനോട്ടം വഹിക്കുന്നതിനും മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കുവൈറ്റിലേക്ക്. ചില മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞതായും, അവിടെ എത്തുമ്പോൾ ബാക്കി കാര്യങ്ങൾ വ്യക്തമാകും എന്നും കുവൈറ്റിലേക്ക് പുറപ്പെടും മുമ്പ് കീർത്തി വർധൻ സിങ് പറഞ്ഞു.
'ഞങ്ങൾ ഇന്നലെ വൈകുന്നേരം പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്‌ച നടത്തിയിരുന്നു, അതാണ് ഈ സങ്കടകരമായ ദുരന്തത്തെക്കുറിച്ച് ഞങ്ങൾക്ക് ലഭിച്ച അവസാന അപ്‌ഡേറ്റ്. ബാക്കി സ്ഥിതി എന്തായിരിക്കുമെന്ന് ഞങ്ങൾ അവിടെ എത്തുന്ന നിമിഷമെ അറിയാൻ കഴിയൂ' എന്ന് കുവൈറ്റിലേക്ക് യാത്ര തിരിക്കുന്നതിന് മുന്‍പ് എയര്‍പോര്‍ട്ടില്‍ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കുവൈറ്റ് ഭരണകൂടവുമായി ചേർന്ന് ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാരമായി പൊള്ളലേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്. ചില മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ അവസ്ഥയിലാണ്. അതിനാൽ തന്നെ മരണപ്പെട്ടവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുകയാണെന്നും അതിന് ശേഷം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ എയർഫോഴ്‌സ് വിമാനം സജ്ജമാണ്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞാലുടൻ ബന്ധുക്കളെ അറിയിക്കുകയും ഈ വിമാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുകയും ചെയ്യും. ഏറ്റവും പുതിയ കണക്ക് പ്രകാരം മരിച്ച 49 പേരില്‍ 43ഓളം പേര്‍ ഇന്ത്യക്കാരാണ് എന്നാണ് വിവരം' -കീര്‍ത്തി വര്‍ധന്‍ സിങ് വ്യക്തമാക്കി.
അതേസമയം, കുവൈറ്റിലെ ഇന്ത്യൻ എംബസി സംഭവത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിനായി പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് നടപടി സ്വീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് ബന്ധപ്പെടാൻ എംബസി +965-65505246 (വാട്‌സ്‌ആപ്പ്, കോളുകൾ) ഒരു ഹെൽപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. ഹെൽപ്പ് ലൈൻ വഴി പതിവ് അപ്‌ഡേറ്റുകൾ നൽകുന്നുണ്ട്. നേരത്തെ, കുവൈറ്റിലെ തീപിടിത്തത്തിൻ്റെ വാർത്ത പുറത്തുവന്നയുടനെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരണപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.
നിർഭാഗ്യകരമായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്‌തു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ഇന്ത്യൻ സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകുകയും ചെയ്‌തു.