തിരുവനന്തപുരം: കേരളത്തിന്‍റെ നിലനില്‍പ്പിന് കേന്ദ്രസഹായം അത്യന്താപേക്ഷിതമാണെന്ന് കേന്ദ്ര ഫിഷറീസ്, ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോര്‍ജ് കുര്യന്‍. കേരളത്തിന്‍റെ പിന്നാക്ക പദവി പരാമര്‍ശത്തില്‍ രണ്ട് ദിവസം മുമ്പ് ജോര്‍ജ് കുര്യന്‍ പുലിവാല് പിടിച്ചിരുന്നു. കേരളത്തിന് സ്വന്തമെന്ന് അവകാശപ്പെടാന്‍ ഒരു പദ്ധതി പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭരണകക്ഷിയായ ഇടതുമുന്നണിയും പ്രതിപക്ഷമായ ഐക്യജനാധിപത്യ മുന്നണിയും അവരുടെ വീഴ്‌ചകള്‍ മറച്ച് വയ്ക്കാനായി കേന്ദ്ര സര്‍ക്കാര്‍ തങ്ങളെ അവഗണിക്കുന്നുവെന്ന് നിരന്തരം കുറ്റപ്പെടുത്തുന്നുവെന്നും ജോര്‍ജ് കുര്യന്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട പ്രവര്‍ത്തനങ്ങളെല്ലാം മറച്ച് വയ്ക്കാനാണ് അവരുടെ ശ്രമം. അത് കൊണ്ടാണ് ഇടത് -വലത് മുന്നണികള്‍ കേന്ദ്രം സംസ്ഥാനത്തിന് ഒന്നും നല്‍കുന്നില്ലെന്ന് ആവര്‍ത്തിക്കുന്നതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഒരു മലയാളം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആയിരുന്നു കുര്യന്‍ പരാമര്‍ശങ്ങള്‍.
ആരോപണങ്ങള്‍ തെറ്റ്
മോദി സര്‍ക്കാര്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കേണ്ടത് തന്‍റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. കേരളം നിലനില്‍ക്കുന്നത് കേന്ദ്രത്തിന്‍റെ സഹായം കൊണ്ടാണ്. സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് എന്തെങ്കിലും വികസനമുണ്ടായിട്ടുണ്ടെങ്കില്‍ അത് മോദി സര്‍ക്കാര്‍ സമ്മാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റേതെന്ന് പറയാന്‍ സ്വന്തമായി ഒറ്റ പദ്ധതികള്‍ പോലുമില്ല.
സംസ്ഥാനത്തെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെങ്കില്‍ പോലും കേന്ദ്രസര്‍ക്കാര്‍ പണം നല്‍കണം. കേന്ദ്രഫണ്ടുകള്‍ വകമാറ്റിയാണ് സംസ്ഥാനത്തെ ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതെന്നും കുര്യന്‍ അവകാശപ്പെട്ടു. ഇത് വികസനങ്ങള്‍ക്ക് ഉപയോഗിക്കേണ്ട പണമാണ്. ഫണ്ടുകള്‍ ഇത്തരത്തില്‍ വകമാറ്റുന്നത് നല്ല പ്രവണതയല്ല.
ആവശ്യപ്പെടുന്ന ഫണ്ടുകള്‍ നല്‍കുന്നു
എല്ലാ മന്ത്രാലയങ്ങളും കേരളം ആവശ്യപ്പെടുന്ന ഫണ്ടുകള്‍ നല്‍കുന്നുണ്ട്. തന്‍റെ ഫിഷറീസ് മന്ത്രാലയം ഇതിനകം തന്നെ 212 കോടി രൂപ കേരളത്തിന് നല്‍കിക്കഴിഞ്ഞു.
സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയും വിദ്യാഭ്യാസരംഗവും വ്യവസായമേഖലയും കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ ആകെ തകര്‍ന്നു കഴിഞ്ഞു. സിപിഎമ്മിന്‍റെ വിദ്യാര്‍ഥി സംഘടനയായ എസ്‌എഫ്ഐ സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആകെ തകര്‍ത്തു. പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ സിഐടിയു ആണ് കേരളത്തിലെ വ്യവസായത്തെ തകര്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു
വലതു മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസും ഇടതുമുന്നണി സംസ്ഥാനത്തെ തകര്‍ക്കുന്നതിന് പിന്തുണയുമായി രംഗത്തുണ്ട്. എന്നിട്ട് അവരുടെ നിലനില്‍പ്പിന് വേണ്ടി ഇതിന്‍റെയെല്ലാം പാപഭാരം കേന്ദ്രത്തിന്‍റെ തലയില്‍ വയ്ക്കുന്നു. പശ്ചിമബംഗാളിലും ത്രിപുരയിലും സംഭവിച്ചത് പോലെ പൂര്‍ണമായും തുടച്ച് നീക്കപ്പെടുമെന്ന ഭയത്താല്‍ സിപിഎം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താന്‍ സംസ്ഥാനത്തെ അപമാനിക്കാന്‍ ശ്രമിച്ചതല്ലെന്ന് അദ്ദേഹത്തിന്‍റെ വിവാദ പിന്നാക്ക പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി മറുപടി നല്‍കി. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കില്‍ ധനകാര്യ കമ്മീഷനെയാണ് സമീപിക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാരിനെ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമീപിക്കേണ്ടത് ധനകാര്യ കമ്മീഷനെ
കൂടുതല്‍ നികുതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് ആവശ്യപ്പെടേണ്ടത് ധനകാര്യ കമ്മീഷനോടാണ്. കൂടുതല്‍ ഫണ്ട് വേണമെങ്കില്‍ കാരണം വിശദീകരിക്കണം. പിന്നാക്കാവസ്ഥയാണ് കാരണമെങ്കില്‍ അത് പറയണം. എല്ലാവരും കരുതുന്നത് ഇത്തരം കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കുന്നതെന്നാണ്. എന്നാല്‍ വസ്‌തുതാപരമായി അത് ചെയ്യേണ്ടത് ധനകാര്യകമ്മീഷനാണെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ വാദഗതികള്‍ വിശദമാക്കാന്‍ അദ്ദേഹം കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കാറുണ്ട്. ബന്ധപ്പെട്ട അധികൃതരുമായി ചര്‍ച്ചകള്‍ നടത്തി വേണ്ട നടപടികളും കൈക്കൊള്ളാറുണ്ട്. അവരുമായി ധാരണയിലും എത്തും. എതിര്‍പ്പുണ്ടെങ്കില്‍ അക്കാര്യം വിയോജനക്കുറിപ്പായി രേഖപ്പെടുത്തും. എന്നാല്‍ കേരളം ഇത്തരത്തിലൊന്നും ചെയ്യുന്നില്ലെന്നു കുര്യന്‍ കുറ്റപ്പെടുത്തി. എന്ന് മാത്രമല്ല അനാവശ്യമായി കേന്ദ്രത്തെ വിമര്‍ശിച്ച് കൊണ്ടുമിരിക്കുന്നു.
2024 ജൂലൈ മുപ്പതിന് വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കൈക്കൊണ്ട നിര്‍ണായക ഇടപെടലുകളെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരണവുമായി റിയാസും ഗോവിന്ദനും
അതേസമയം സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിയുടെ വാക്കുകളെ ചോദ്യം ചെയ്‌തു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം ഒരു മാതൃകയായി നിലകൊള്ളുകയാണ്. മറ്റ് പല സംസ്ഥാനങ്ങളും കേരളത്തെ അനുകരിക്കാന്‍ ശ്രമിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാഭ്യാസത്തിനടക്കം ആളുകള്‍ കേരളത്തിലേക്ക് എത്തുന്നു. കേന്ദ്രമന്ത്രിയുടെ പിന്നാക്ക പരാമര്‍ശം വിശദമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ അദ്ദേഹം മാപ്പ് പറയണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
ബിജെപി മന്ത്രിമാരും എംപിമാരും കേരള വിരുദ്ധ നിലപാടാണ് കൈക്കൊള്ളുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. കേരളത്തില്‍ ചുവടുറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനായി കേരളത്തെ പിന്നാക്കമായും ദരിദ്രമായും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. ഒരു രൂപ പോലും സംസ്ഥാനത്തിന് നല്‍കാതെ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ കക്ഷി രാഷ്‌ട്രീയം മറന്ന് സംസ്ഥാനത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രത്തില്‍ നിന്ന് ഒരു സഹായവും കിട്ടിയില്ലെങ്കിലും പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും ധനമന്ത്രി കെ എന്‍ ബാലഗോപാലിനെയും ഉദ്ധരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
കേന്ദ്രബജറ്റില്‍ കേരളത്തിന് വിഹിതമൊന്നും കിട്ടാത്തതിനെതിരെ ഇടത് വലത് മുന്നണികള്‍ വിമര്‍ശനവുമായി രംഗത്ത് വന്നപ്പോഴാണ്, കേരളത്തിന് കൂടുതല്‍ ഫണ്ടുകള്‍ വേണമെങ്കില്‍ വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, സാമൂഹ്യ ക്ഷേമം തുടങ്ങിയ മേഖലകളില്‍ സംസ്ഥാനം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്. കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഇടത് വലത് മുന്നണികള്‍ രംഗത്ത് എത്തിയിരുന്നു.