കർണാടക: ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരിൽ 7 പേരുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഗംഗാവലി നദിയിലും കുന്നിടിഞ്ഞ പ്രദേശത്തും രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. അപകടത്തില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ അടക്കമുള്ള മൂന്ന് പേര്‍ക്കായാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.
ജൂലൈ 16നാണ് ഷിരൂരിലെ ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ 10 പേരെ കാണാതായി. മൂന്ന് ടാങ്കറുകളും ഒരു ലോറിയും മണ്ണിടിച്ചിലില്‍ കാണാതായിട്ടുണ്ട്. ഇതില്‍ രണ്ട് ടാങ്കറുകളിലുണ്ടായിരുന്ന ഡ്രൈവര്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
തമിഴ്‌നാട് നാമക്കൽ സ്വദേശി ചിന്നൻ (56), തമിഴ്‌നാട് സ്വദേശി മുരുകൻ (46) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മറ്റൊരു ഡ്രൈവറെ ഇനിയും കണ്ടെത്താനുണ്ട്. ഇയാളും തമിഴ്‌നാട് സ്വദേശിയാണ്. രാമനഗരയിൽ നിന്ന് കേരളത്തിലേക്ക് പോവുകയായിരുന്ന തടി നിറച്ച ലോറിയും കാണാതായി. അതിൻ്റെ ഡ്രൈവറാണ് അര്‍ജുന്‍. ഇദ്ദേഹത്തെ കണ്ടെത്താനായിട്ടില്ല.
ഷിരൂരിലെ ഹോട്ടലിൽ കഴിഞ്ഞിരുന്ന ഹോട്ടൽ ഉടമയായ ലക്ഷ്‌മൺ നായിക്, ഭാര്യ ശാന്തി നായിക്, മകൻ റോഷൻ എന്നിവരുടെ മൃതദേഹങ്ങൾ സംഭവ ദിവസം തന്നെ ഗംഗാവലി നദിയുടെ തീരത്ത് നിന്ന് കണ്ടെത്തിയിരുന്നു. ലക്ഷ്‌മൺ നായിക്കിൻ്റെ മകൾ അവന്തികയുടെ (6) മൃതദേഹം വ്യാഴാഴ്‌ചയാണ് കണ്ടെത്തിയത്. കൂടാതെ, അംഗോളയിലെ ബെലമ്പാറ ബീച്ചിന് സമീപം രണ്ട് കാലുകൾ മാത്രമുള്ള മൃതദേഹം കണ്ടെത്തി. ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് പകുതി ശരീരം ഒഴുകിപ്പോയതാണോയെന്ന് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.