ഹൈദരാബാദ്: 58-ാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. ഐതിഹാസിക ഉറുദു കവി ഗുൽസാർ, സംസ്‌കൃത പണ്ഡിതൻ ജഗദ്ഗുരു രാമഭദ്രാചാര്യ എന്നിവർക്കാണ് പുരസ്‌കാരം. ഇരുവരും ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹരായതായി ജ്ഞാനപീഠ തെരഞ്ഞെടുപ്പ് കമ്മിറ്റി ശനിയാഴ്‌ച അറിയിച്ചു (Jnanpith Award for Urdu poet Gulzar and Sanskrit scholar Rambhadracharya).
പ്രമുഖ ഉറുദു കവിയായ ഗുൽസാർ ഹിന്ദി സിനിമയ്‌ക്കും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഹിന്ദി സിനിമയിലെ ശ്രദ്ധേമായ അനവധി പാട്ടുകള്‍ ഗുൽസാറിന്‍റ പേരിലാണ്. 2002-ൽ ഉറുദുവിനുള്ള സാഹിത്യ അക്കാദമി അവാർഡ്, 2013-ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡ്, ഒന്നിലധികം ദേശീയ ചലച്ചിത്ര അവാർഡുകൾ ഗുൽസാറിന് ലഭിച്ചു. 2004-ൽ പത്മഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
1963ൽ 'ബന്ദിനി' എന്ന സിനിമയിലൂടെയാണ് ഗുൽസാർ ചലച്ചിത്ര ഗാനരചയിതാവായി തൻ്റെ കരിയർ ആരംഭിച്ചത്. എസ് ഡി ബർമനായിരുന്നു ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. പിന്നീട് സലിൽ ചൗധരി, വിശാൽ ഭരദ്വാജ്, എ ആർ റഹ്മാൻ തുടങ്ങിയ പ്രമുഖ സംഗീത സംവിധായകരുമായി അദ്ദേഹം പ്രവർത്തിച്ചു. കാവ്യ വൈദഗ്ധ്യത്തിന് പുറമെ, 'ആന്ധി', 'മൗസം', ടിവി സീരീസ് 'മിർസ ഗാലിബ്' തുടങ്ങിയ ശ്രദ്ധേയമായ സിനിമകൾ സംവിധാനം ചെയ്‌തിട്ടുമുണ്ട് ഗുൽസാർ. കൂടാതെ വിവിധ സിനിമകൾക്ക് സംഭാഷണവും ഒരുക്കി.
അതേസമയം മധ്യപ്രദേശ് ചിത്രകൂടത്തിലെ തുളസി പീഠത്തിൻ്റെ സ്ഥാപകനും തലവനുമാണ് രാമഭദ്രാചാര്യ. കാഴ്‌ചശക്‌തി ഇല്ലാതിരുന്നിട്ടും ബ്രെയിൽ ലിപിയുടെയോ മറ്റ് ബാഹ്യ സഹായമോ കൂടാതെ സംസ്‌കൃതം, ഹിന്ദി, അവധി, മൈഥിലി തുടങ്ങി നിരവധി ഭാഷകളിൽ അദ്ദേഹം രചനകൾ നടത്തി. സാഹിത്യത്തിന് പുറമെ ഹിന്ദു ആത്മീയത, വിദ്യാഭ്യാസം എന്നി മേഖലകളിലും പ്രമുഖ വ്യക്തിത്വമാണ് രാമഭദ്രാചാര്യ.
പതിനേഴാം വയസ് വരെ ഇദ്ദേഹത്തിന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. ഇന്ന് 22 ഭാഷകളിൽ രാമഭദ്രാചാര്യയ്‌ക്ക് പ്രാവീണ്യമുണ്ട്. സ്വതസിദ്ധമായ രചനാശൈലിയിലൂടെ കവിയും രചയിതാവുമായി അദ്ദേഹം തൻ്റെ കഴിവുകൾ പ്രകടമാക്കി.
സംസ്‌കൃത പണ്ഡിതൻ ജഗദ്ഗുരു രാമഭദ്രാചാര്യ, പ്രശസ്‌ത ഉർദു സാഹിത്യകാരൻ ഗുൽസാർ എന്നിവർ രണ്ട് വ്യത്യസ്‌ത ഭാഷകളിൽ നിന്നുള്ള പ്രമുഖരായ എഴുത്തുകാരാണെന്ന് ജ്ഞാനപീഠം സെലക്ഷൻ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. അതേസമയം 2022ലെ ജ്ഞാനപീഠ പുരസ്‌കാരത്തിന് ഗോവൻ എഴുത്തുകാരനായ ദാമോദർ മൗസോയാണ് അർഹനായത്.