മുംബൈ : കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. മുംബൈയിലും പാൽഘറിലും യെല്ലോ അലർട്ടും താനെയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അന്ധേരി സബ് വേ വെള്ളത്തിനടിയിലായി.
വെള്ളം ഇറങ്ങിയതോടെ ഉച്ചയോടെ സബ് വേ തുറന്നിരുന്നു. വെള്ളം ഉയര്‍ന്നതിന് പിന്നാലെ നഗരത്തിലെ പല റോഡുകളും അടച്ചു. കനത്ത മഴ വെള്ളപ്പൊക്ക ആശങ്കയും ഉയർത്തുന്നുണ്ട്.
കനത്ത മഴ മുംബൈയിലെ പൊതുഗതാഗത സേവനങ്ങളെ കാര്യമായി ബാധിച്ചു. നിർത്താതെ പെയ്യുന്നതിനാല്‍ റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
സെൻട്രൽ, വെസ്റ്റേൺ, ഹാർബർ എന്നീ മൂന്ന് ലൈനുകളും 10 മിനിറ്റ് വൈകിയാണ് ഓടുന്നത്. ഇന്നലെ മുംബൈയുടെ മധ്യഭാഗത്ത് ശരാശരി 78 മില്ലീമീറ്ററും കിഴക്കൻ, പടിഞ്ഞാറൻ മുംബൈയിൽ യഥാക്രമം 57 മില്ലീമീറ്ററും 67 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.