ദിസ്‌പൂർ: രാജ്യം 78ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ ബോംബ് ഭീഷണിയുമായി യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഇന്ഡിപെൻഡൻ്റ്. രാവിലെ 11:30ക്ക് പുറത്തിറക്കിയ പ്രസ്‌താവനയില്‍ സംസ്ഥാനത്തെ 19 സ്ഥലങ്ങളില്‍ ബോംബ് സ്ഥാപിച്ചതായി യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് അവകാശപ്പെട്ടു. ബോംബുകൾ സ്ഥാപിച്ച ചില സ്ഥലങ്ങളുടെ ചിത്രങ്ങളും അവര്‍ പുറത്തുവിട്ടു.
വിമത ഗ്രൂപ്പിലെ അസിസ്റ്റൻ്റ് പബ്ലിസിറ്റി സെക്രട്ടറി ലെഫ്റ്റനൻ്റ് ഇഷാൻ അസോം ഒപ്പിട്ട പ്രസ്‌താവനയിൽ സംഘടന ഓഗസ്റ്റ് 15ന് രാവിലെ 6 മുതൽ ഉച്ചവരെ നടത്താനിരുന്ന സൈനിക പ്രതിഷേധത്തെ കുറിച്ചാണ് പറയുന്നത്. സാങ്കേതിക തകരാർ മൂലം പ്രതിഷേധം നടത്താനായില്ലെന്നും അതിനാൽ പൊതു സുരക്ഷ കണക്കിലെടുത്ത് ബോംബ് സ്ഥാപിച്ച സ്ഥലങ്ങൾ പരസ്യമാക്കുന്നുവെന്നും പ്രസ്‌താവനയില്‍ പറയുന്നു.
ബോംബ് സ്ഥാപിച്ചിട്ടുണ്ട് എന്ന് അവകാശപ്പെട്ടത് ഈ സ്ഥലങ്ങളില്‍:
- സിബ്‌സാഗറിലെ ഡിടിഒ ഓഫിസിലെ പഴയ കാറിൽ.
- സിബ്‌സാഗർ ബിജി റോഡിലെ ഗേറ്റ് നമ്പർ അഞ്ചിലെ പഴയ ആംബുലൻസിൽ.
- പൊലീസ് സ്റ്റേഷന് സമീപം ലകുവ ടിൻ അലിയില്‍.
- ദിബ്രുഗഡിൽ ഒരു പഴയ അസം സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസിൽ.
- ലഖിംപൂരിലെ പഴയ അസം സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസിൽ.
- ലഖിംപൂരിനടുത്തുള്ള പരേഡ് ഗ്രൗണ്ടിൽ പഴയ ഒരു വാഹനത്തിൽ.
- ലാലുക്ക് ഡെയ്‌ലി മാർക്കറ്റിൽ.
- ബോർഗാട്ട് പൊലീസ് സ്റ്റേഷന് സമീപം മരങ്ങൾ മൂടിയ പഴയ കാറിൽ.
- നാഗോൺ മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം.
- ഇഷ്‌ടിക ചൂളയ്ക്ക് സമീപം മണ്ണിൽ കുഴിച്ചിട്ടു.
- ഗുവാഹത്തിയിലെ ദിസ്‌പൂർ ലാസ്റ്റ് ഗേറ്റിന് എതിർവശത്തുള്ള ഓപ്പൺ ഫീൽഡില്‍.
- ഗുവാഹത്തിയിലെ ഗാന്ധി മണ്ഡപത്തിലേക്ക് പോകുന്ന റോഡിൻ്റെ ഇടതുവശത്ത് ട്രാൻസ്ഫോർമർ ബോർഡ് ബോക്‌സില്‍.
- ഗുവാഹത്തിയിലെ നാരൻഗി ആർമി ക്യാമ്പിലേക്കുള്ള വഴിയിൽ സിഡിഎ ഗേറ്റിന് സമീപം.
- ഗുവാഹത്തിയിലെ പാൻബസാറിലെ റോഡരികിലെ സ്റ്റാളിന് കീഴിൽ.
- സൊറാബത്ത് ഫ്ലൈ ഓവറിന് സമീപം.
- ഗുവാഹത്തിയിലെ വേട്ടപ്പാറയില്‍.
- ഗുവാഹത്തിയിലെ മാലിഗാവില്‍.
- ഗുവാഹത്തിയിലെ രാജ്‌ഗഡില്‍.
- നാൽബാരി ഓൾഡ് മെഡിക്കലിലേക്കുള്ള വഴിയരികിൽ ഒരു പഴയ ആംബുലൻസിനുള്ളിൽ.
- റംഗിയ-താമുൽപൂർ റോഡിൽ ഷോപ്പിന് അടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത്.
എന്നാല്‍ ഈ അവകാശവാദങ്ങളില്‍ എത്രത്തോളം ശരിയുണ്ടെന്ന് പൊലീസിനും ഭരണകൂടത്തിനും ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
Also Read: ബാഗിൽ ബോംബെന്ന് തമാശ; നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്‌റ്റിൽ