ഓരോ ദിവസത്തെയും പ്രത്യേകതകള്‍ കണക്കാക്കി ഗൂഗിള്‍ അതിന്‍റെ ഡൂഡിളുകള്‍ പരിഷ്‌കരിക്കാറുണ്ട്. ഇന്ന്, ഗൂഗിള്‍ തുറക്കുന്ന ഇന്ത്യക്കാര്‍ക്ക് കാണാനാവുക സസ്യ ജന്തുജാലങ്ങള്‍ വട്ടം ചുറ്റുന്ന പശ്ചാത്തലത്തില്‍ ഒരു വനിത ഗുസ്‌തി താരത്തെയാണ്. നാല്‍പതുകളിലും അന്‍പതുകളിലും പുരുഷന്‍മാര്‍ മാത്രം അടക്കി വാണിരുന്ന ഒരു കായിക വിനോദത്തിലേക്കുള്ള സ്‌ത്രീയുടെ ശക്തമായ കാല്‍വെപ്പാണ് ഗൂഗിള്‍ ഇന്ന് ആഘോഷിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ വനിതാ ഗുസ്‌തി താരം ഹമീദ ബാനുവിനോടുള്ള ആദര സൂചകമാണ് ഗൂഗിളിന്‍റെ ഇന്നത്തെ ഡൂഡിള്‍. ബാംഗ്ലൂരിലെ ദിവ്യ നേഗി എന്ന ആർട്ടിസ്‌റ്റ് വരച്ച ചിത്രമാണ് ഡൂഡിളിലുള്ളത്.
ഡൂഡിളിന് പിന്നില്‍ :
ഇന്ത്യയിലെ ആദ്യത്തെ വനിത ഗുസ്‌തിക്കാരിയായ ഹമീദ ബാനു 1900-കളുടെ തുടക്കത്തിൽ ഉത്തർപ്രദേശിലെ അലിഗഢിലാണ് ജനിച്ചത്. 1940-കളിലും 1950-കളിലും ഗുസ്‌തിയില്‍ സജീവമായിരുന്ന ബാനു തന്‍റെ കരിയറിൽ 300-ലധികം മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.
1954-ല്‍ ഈ ദിവസമാണ് പ്രശസ്‌ത ഗുസ്‌തി താരം ബാബ പഹൽവാനെ ബാനു പരാജയപ്പെടുത്തിയത്. വെറും 1 മിനിറ്റും 34 സെക്കൻഡും കൊണ്ടാണ് ബാനു പഹല്‍വാനെ പരാജയപ്പെടുത്തിയത്. അതുകൊണ്ടാണ് ബാനുവിനെ ആദരിക്കാൻ മെയ് 4 തിരഞ്ഞെടുത്തത്. ഈ മത്സരത്തിന് ശേഷം ബാബ പഹൽവാന്‍ പ്രൊഫഷണൽ ഗുസ്‌തിയിൽ നിന്ന് വിരമിച്ചു. ഈ മത്സരം ബാനുവിന് അന്താരാഷ്‌ട്ര ശ്രദ്ധയും അംഗീകാരവും നേടിക്കൊടുത്തു.
ആരാണ് ഹമീദ ബാനു :
1900-കളുടെ തുടക്കത്തിൽ ഉത്തർപ്രദേശിലെ അലിഗഢിന് സമീപം ഗുസ്‌തിക്കാരുടെ കുടുംബത്തിലാണ് ഹമീദ ബാനുവിന്‍റെ ജനനം. അത്‌ലറ്റിക്‌സിൽ സ്‌ത്രീകളുടെ പങ്കാളിത്തത്തിനെ സമൂഹം ശക്തമായി നിരുത്സാഹപ്പെടുത്തുന്ന കാലത്താണ് ബാനു ഗോദയിലേക്ക് ഇറങ്ങുന്നത്. ഗുസ്‌തിയില്‍ അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന ബാനു അക്കാലത്ത് പുരുഷന്മാരുമായി മത്സരിച്ചു. അക്കാലത്തെ പ്രബലരായ പുരുഷ ഗുസ്‌തിക്കാർക്ക് ബാനു ഒരു തുറന്ന വെല്ലുവിളിയായി.
റഷ്യൻ വനിത ഗുസ്‌തിക്കാരിയായ വെരാ ചിസ്‌റ്റിലിനെ രണ്ട് മിനിറ്റില്‍ മലത്തിയടിച്ചതോടെ ബാനുവിന്‍റെ കരിയർ അന്താരാഷ്‌ട്ര തലത്തില്‍ പ്രശസ്‌തമായി. വർഷങ്ങളോളം ബാനുവിന്‍റെ പേര് പത്ര തലക്കെട്ടുകളിൽ നിറഞ്ഞു. 'അലിഗഢിന്‍റെ ആമസോൺ' എന്നാണ് ബാനു അക്കാലത്ത് അറിയപ്പെട്ടത്. ബാനു വിജയിച്ച മത്സരങ്ങളും ബാനുവിന്‍റെ ഭക്ഷണക്രമവും പരിശീലന രീതിയും നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിച്ചു. അക്കാലത്തും, എല്ലാ കാലത്തും പ്രചോദനമായി തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണ് ഹമീദ ബാനു.
അന്നത്തെ യാഥാസ്ഥിതിക രീതിക്കെതിരെ ഹമീദ ബാനു നടത്തിയ പോരാട്ടമാണ് തനിക്ക് പ്രചോദനമായതെന്ന് ഡൂഡിള്‍ വരച്ച ദിവ്യ നേഗി പറഞ്ഞു. സമൂഹം കല്‍പിച്ച് നല്‍കിയ ചട്ടക്കൂടിന് എതിരായി പ്രവര്‍ത്തിക്കുക എന്നത് ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കഠിനമായ കാര്യമാണ്. ഒരു സ്‌ത്രീ ആവുക എന്നത് ആ സങ്കീർണ്ണതയ്ക്ക് ഒരു പാളി കൂടി കൂട്ടിച്ചേർക്കുന്നത് പോലെയാണ്. എന്നാല്‍ ഹമീദ അതില്‍ വിജയിച്ചു. അതെന്നെ വല്ലാതെ പ്രചോദിപ്പിച്ചു'- ദിവ്യ നേഗി പറഞ്ഞു.
Also Read : 'ബാങ്കിങ് മേഖലയിലെ തൊഴിലിടങ്ങൾ വനിത സൗഹൃദമല്ല'; പഠനം പറയുന്നതിങ്ങനെ - FEMALE INCONSISTENCY IN WORKPLACE