കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1.5 കിലോ ഗ്രാം സ്വർണം പിടികൂടി (3 KG of Gold seized at Calicut International Airport). ശനിയാഴ്‌ച (ജനുവരി 27)ന് രാവിലെ ദുബായിൽ നിന്നും വന്നിറങ്ങിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. കോഴിക്കോട് കസ്റ്റoസ് പ്രിവന്‍റീവ് ഡിവിഷൻ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
യാത്രക്കാരൻ ഷൂവിന്‍റെ ഉൾവശത്താക്കി ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കുകയായിരുന്നു. കസ്റ്റoസ് സംഘം നടത്തിയ വിശദമായ പരിശോധനക്കൊടുവിലാണ് ഇരു ഷൂകളുടെയും സോളിനുള്ളിൽ 1649 ഗ്രാം സ്വർണമിശ്രിതം കണ്ടെത്തിയത്. വിപണിയിൽ 93 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണമാണ് പിടി കൂടിയത്.
ഇയാളിൽ നിന്നും പിടി കൂടിയ സ്വർണ മിശ്രിതത്തിൽ നിന്നും 24 കാരറ്റുള്ള 1473 ഗ്രാം സ്വർണ്ണമാണ് വേർതിരിച്ചു കിട്ടിയത്. സ്വർണ കള്ളക്കടത്ത് തടയാനുള്ള തുടർച്ചയായ പരിശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തിയത്. കസ്റ്റoസ് പ്രിവന്‍റീവ് കമ്മീഷനറേറ്റിന്‍റെ കീഴിലുള്ള കോഴിക്കോട് കസ്റ്റoസ് പ്രിവന്‍റീവ് ഡിവിഷൻ സംഘമാണ് പരിശോധന നടത്തിയത്.
ഉപേക്ഷിച്ച നിലയിലും സ്വർണം കണ്ടെത്തി: ഡി ആർ ഐ യുമായി ചേർന്നു നടത്തിയ മറ്റൊരു പരിശോധനയിൽ ഉപേക്ഷിച്ച നിലയിലും സ്വർണം കണ്ടെത്തിയിരുന്നു. ഇമിഗ്രേഷന്‍റെ ഭാഗത്തുള്ള ശുചിമുറിയിലെ ടോയ്‌ലറ്റ് ഫ്ലഷ് നോബിന്‍റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലാണ് 1774 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം കസ്റ്റoസ് കണ്ടെത്തിയത്. 4 പാക്കറ്റുകളിലാക്കിയാണ് സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്.
മിശ്രിതത്തിൽ നിന്നും 1533 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണം വേർതിരിച്ചെടുത്തത്. വിപണി മൂല്യം 96.27 ലക്ഷം രൂപ വരുന്ന സ്വർണമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കേസുകളിലും അന്വേഷണം നടന്ന് വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 24 കാരറ്റുള്ള 3.06 കിലോഗ്രാം സ്വർണമാണ് ആകെ പിടിച്ചെടുത്തത്. ഇതിന്‍റെ വിപണി മൂല്യം 1.89 കോടി രൂപയോളം വില വരും.