മംഗളൂരു: കടം വീട്ടുന്നതിനായി യൂട്യൂബ് കണ്ട് 500 രൂപയുടെ കള്ളനോട്ട് അച്ചടിച്ച പ്രതികൾ അറസ്റ്റിൽ. മംഗളൂരു സിസിബി പൊലീസാണ് നാലുപേരെ അറസ്റ്റ് ചെയ്‌തത്. കാസർകോട് ജില്ലയിലെ കൊളത്തൂർ സ്വദേശിയായ വി പ്രിയേഷ് (38), മുളിയരു വില്ലേജിലെ മല്ലം സ്വദേശി വിനോദ് കുമാർ കെ (33), പെരിയ കുണിയ, വടങ്കുങ്കര സ്വദേശി അബ്‌ദുൾ ഖാദർ എസ്എ (58), കഡബയിലെ ബെലന്ദൂർ വില്ലേജിലെ കുദ്‌മാർ സ്വദേശി അയൂബ് ഖാൻ (51) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിലൊരാളായ പ്രിയേഷ് കേരളത്തിൽ വച്ച് കള്ളനോട്ട് അച്ചടിച്ച ശേഷം മംഗളൂരുവിൽ എത്തി പ്രചരിപ്പിക്കുകയായിരുന്നു. ബാക്കി മൂന്ന് പേർ ഇയാളിൽ നിന്ന് കള്ളനോട്ട് വാങ്ങാനെത്തിയവരാണ്. 500 രൂപയുടെ 427 കള്ളനോട്ടുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
കാസർകോട് ജില്ലയിൽ വച്ചായിരുന്നു 500 രൂപയുടെ വ്യാജ നോട്ടുകൾ അച്ചടിച്ചിരുന്നത്. പിന്നീട് മംഗളൂരു നഗരത്തിലെ ക്ലോക്ക് ടവറിന് സമീപമുള്ള ലോഡ്‌ജിൻ്റെ പരിസരത്ത് നിന്ന് കള്ളനോട്ടുകൾ പ്രചരിപ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് മംഗളൂരു സിസിബി പൊലീസ് റെയ്‌ഡ് നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികളിലൊരാളായ പ്രിയേഷിന് കാസർകോട് ജില്ലയിലെ ചെർക്കളയിൽ പ്രിൻ്റിങ് പ്രസ് ഉണ്ട്. ഇവിടെയാണ് കള്ളനോട്ടുകൾ അച്ചടിച്ചത്. അച്ചടിക്കാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ ഡൽഹി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് വാങ്ങിയത്. കടം വീട്ടുന്നതിനായി കള്ളനോട്ട് അച്ചടിയിലേക്ക് കടക്കുകയായിരുന്നു. ഇരുപത് വർഷത്തോളമായി പ്രതി പ്രിൻ്റിങ് പ്രസ് നടത്തിവരുകയാണ്.
യൂട്യൂബിൽ കള്ളനോട്ട് എളുപ്പത്തിൽ അച്ചടിക്കുന്ന രീതി കണ്ടാണ് ഈ ബിസിനസിലേക്ക് കടന്നത്. ബിസിനസിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ നിന്ന് 25% ശതമാനം കമ്മീഷൻ നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത പ്രിയേഷ് മറ്റ് മൂന്ന് പേരെയും വിളിച്ചുവരുത്തുകയായിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്നും മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.
Also Read: കള്ള നോട്ട് അച്ചടി, 2 ലക്ഷം രൂപയുടെ വ്യാജ കറന്‍സി പിടികൂടി; 6 പേർ അറസ്‌റ്റിൽ