മധുര : പ്രശസ്‌ത ചലച്ചിത്ര സംവിധായകനും, ദേശീയ അവാർഡ് ജേതാവുമായ മണികണ്‌ഠന്‍റെ വീട്ടിൽ മോഷണം. മധുരയിലെ ഉസിലംപട്ടിയിലുളള വീട്ടിലാണ് മോഷണം നടന്നത് (National Award Winning Director Manikandan). സിനിമയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി മണികണ്‌ഠനും, കുടുംബവും ചെന്നൈയിൽ പോയപ്പോഴായിരുന്നു സംഭവം.
വീടിന്‍റെ പൂട്ട് തകർത്താണ് അക്രമികൾ അകത്ത് കടന്നത്. ഒരു ലക്ഷം രൂപയോളം പണവും, അഞ്ച് പവൻ സ്വർണാഭരണങ്ങളും നഷ്‌ടപ്പെട്ടു. അദ്ദേഹത്തിന് ദേശീയ അവാർഡുമായി ബന്ധപ്പെട്ട് ലഭിച്ച വെള്ളി മെഡലുകളും കള്ളന്മാർ അപഹരിച്ചിട്ടുണ്ട്.
സംഭവത്തിൽ ഉസിലംപട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, സമഗ്രമായ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.