ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ (K Kavitha) ചൊവ്വാഴ്‌ച (26-03-2024) 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു (Excise Policy Case). നിലവിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ (ഇഡി) കസ്‌റ്റഡിയിലുള്ള ബിആർഎസ് നേതാവ് കെ. കവിതയെ ഡൽഹി കോടതി ഏപ്രിൽ 9 വരെയാണ് ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തത് ( BRS Leader Kavitha Remanded In Judicial Custody) . റോസ് അവന്യൂ കോടതിയിലെ പ്രത്യേക സിബിഐ ജഡ്‌ജി കാവേരി ബവേജയാണ് ഉത്തരവിട്ടത്.
മാർച്ച് 16 ന് ബിആർഎസ് നേതാവിനെ ഏഴ് ദിവസത്തെ ഇഡി കസ്‌റ്റഡിയിലേക്ക് അയച്ചിരുന്നു, കഴിഞ്ഞ ശനിയാഴ്‌ച അത് മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. പ്രായപൂർത്തിയാകാത്ത മകന്‍റെ പരീക്ഷയുടെ പേരിൽ കവിതയുടെ അഭിഭാഷകൻ നിതേഷ് റാണ ഇടക്കാല ജാമ്യം തേടിയിരുന്നു.
എന്നാൽ ഇടക്കാല ജാമ്യം പരിഗണിക്കണമെങ്കിൽ പോലും മറുപടി നൽകാൻ അവസരം നൽകണമെന്ന് പറഞ്ഞ് ഇഡിയുടെ അഭിഭാഷകൻ ജാമ്യാപേക്ഷയെ എതിർത്തു. ഇടക്കാല ജാമ്യത്തിനും സ്ഥിരം ജാമ്യത്തിനും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് (പിഎംഎൽഎ) കീഴിൽ കർശനമായ വകുപ്പുകളുണ്ടെന്ന് ഇഡി പറഞ്ഞു.
ഡല്‍ഹിയിലെ മദ്യ വിതരണം ഏറ്റെടുത്ത സ്വകാര്യ ഗ്രൂപ്പുമായുള്ള ബന്ധമാണ് മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ (K Chandrashekar Rao) മകൾ കവിതയെ കുരുക്കിയത്. ദേശീയ തലസ്ഥാനത്തെ മദ്യ ലൈസൻസ് സ്വന്തമാക്കുന്നതിന് വേണ്ടി ഭരണത്തിലിരിക്കുന്ന ആം ആദ്‌മി പാർട്ടിക്ക് 100 കോടി രൂപ കോഴ നൽകിയതായി ആരോപിക്കപ്പെടുന്ന സൗത്ത് ഗ്രൂപ്പിലെ പ്രധാന അംഗമായിരുന്നു കവിത എന്ന് എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആരോപിച്ചു.
മാർച്ച് 15 നാണ് 46 കാരിയായ കെ കവിതയെ കേന്ദ്ര അന്വേഷണ ഏജൻസി അറസ്‌റ്റ് ചെയ്‌തത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം പിഎംഎൽഎയുടെ 19 (2) വകുപ്പുകൾ പ്രകാരം മുദ്രവച്ച കവറിൽ ഏജൻസി സമർപ്പിച്ച രേഖകൾ നേരില്‍ പരിശോധിക്കാനും കവിതയുടെ അഭിഭാഷകൻ അനുമതി തേടി.
വകുപ്പ് അനുസരിച്ച്, ബന്ധപ്പെട്ട അധികാരികൾ, അറസ്‌റ്റ് ചെയ്‌ത ഉടൻ തന്നെ, അറസ്‌റ്റ് ഉത്തരവ് അതിന്‍റെ കൈവശമുള്ള വസ്‌തുക്കൾ സഹിതം കോടതിക്ക് കൈമാറേണ്ടതുണ്ട്.