ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ കുറ്റവാളികളായ ബാദ്ഷാ മജീദ് മാലിക്, വിജയ് സുബ്ബണ്ണ പൂജാരി തുടങ്ങിയവരുടെ 72.45 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം ഇവരുടെ സ്വത്തുക്കള്‍ താത്കാലികമായി കണ്ടുകെട്ടിയതായി എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെയാണ് അറിയിച്ചത്.
രക്തം ചന്ദനം കടത്തിയതിന് മജീദ് മാലിക്, വിജയ് സുബ്ബണ്ണ പൂജാരി എന്നിവർക്കെതിരെ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചത്. സ്പെഷ്യല്‍ എക്കണോമിക് സോണുകളിൽ സ്ഥിതി ചെയ്യുന്ന കമ്പനികളുടെ വ്യാജ രേഖകൾ കാണിച്ച് ഫാബ്രിക് പശ, റേഡിയറുകൾ എന്നിവയുടെ മറവിലാണ് ഇവര്‍ കള്ളക്കടത്ത് നടത്തിയതെന്ന് ഇഡി പറഞ്ഞു.
2008 മുതൽ 2010 വരെയും 2014 മുതൽ 2015 വരെയുമുള്ള കാലയളവില്‍ മാലിക് കള്ളക്കടത്ത് നടത്തിയതായും 94 കോടി രൂപയുടെ വരുമാനം നേടിയതായും ഇഡി അന്വേഷണത്തിൽ കണ്ടെത്തി. തുടര്‍ന്ന് എംപയർ ഇന്ത്യ മൾട്ടി ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി ആരംഭിച്ച് കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു. ഈ കമ്പനി വഴി നിരവധി സ്ഥാവര സ്വത്തുക്കൾ മാലിക്കും കൂട്ടാളികളും വാങ്ങിയതായും ഇഡി കണ്ടെത്തി.
മാലിക്, പൂജാരി തുടങ്ങിയവരുടെ വസതികളിൽ 2021ഡിസംബറില്‍ ഇഡി റെയ്‌ഡ് നടത്തിയിരുന്നു.മാലിക് നടത്തിയ രക്തചന്ദക്കടത്തുമായി ബന്ധപ്പെട്ട നിരവധി രേഖകൾ അന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2021 ഡിസംബർ 21 ന് മാലിക് അറസ്റ്റിലായി.കേസില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അറിയിച്ചു.
Also Read : തുടക്കം പോലെ മടക്കവും നാടകീയം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവച്ചു