ബെംഗളുരു(കര്‍ണാടക): സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാന്‍ അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇവര്‍ക്ക് അഖിലേന്ത്യാ തലത്തില്‍ ഞങ്ങള്‍ സംവരണം നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീറ്റ് നയത്തെ ഞങ്ങള്‍ക്ക് അംഗീകരിക്കാനാകില്ല. വിദ്യാര്‍ത്ഥികളോട് ധാരാളം അനീതി കാട്ടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്‍ഡിഎ സര്‍ക്കാര്‍ യാതൊരു നടപടികളും കൈക്കൊള്ളുന്നില്ല. അവര്‍ കേവലം അന്വേഷണത്തില്‍ മാത്രം കാര്യങ്ങള്‍ ഒതുക്കുന്നു. ഇതൊരു ഗൗരവമുള്ള കുറ്റമാണ്. അറസ്റ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയാണ് ഇതെന്നും ശിവകുമാര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം അഞ്ചിന് നടന്ന പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഗ്രെയ്‌സ് മാര്‍ക്ക് അനുവദിക്കലും അടക്കമുള്ള വിഷയങ്ങള്‍ക്ക് പിന്നാലെയാണ് ശിവകുമാര്‍ തന്‍റെ ആശങ്കകള്‍ പങ്കുവച്ചത്. ദേശീയ പരീക്ഷ ഏജന്‍സി രാജ്യവ്യാപകമായി 4,750 കേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷ 24 ലക്ഷം കുട്ടികളാണ് എഴുതിയത്.
ഇതിനിടെ ഗ്രെയ്‌സ് മാര്‍ക്ക് ലഭിച്ച 1563 കുട്ടികളുടെ സ്‌കോര്‍കാര്‍ഡുകള്‍ റദ്ദാക്കുമെന്നും ഇവര്‍ക്ക് ഈ മാസം 23ന് വീണ്ടും പരീക്ഷ നടത്തുമെന്നും എന്‍ടിഎ സുപ്രീം കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. പരീക്ഷ ഫലം ഈ മാസം മുപ്പതിന് മുമ്പ് പ്രഖ്യാപിക്കുമെന്നും കോടതിയെ ബോധിപ്പിച്ചു.
തുടര്‍ന്ന് കൗണ്‍സിലിങ്ങും നടക്കും. പേടിക്കാനൊന്നുമില്ലെന്നും കോടതി പറഞ്ഞു. പരാതികള്‍ സുപ്രീം കോടതി അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും. നീറ്റ് ഫലം റദ്ദാക്കണമെന്നും പുതുതായി പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നിരവധി പരാതികളാണ് ഫയല്‍ ചെയ്‌തിരിക്കുന്നത്. ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതികള്‍.
രാജ്യമെമ്പാടുമുള്ള സര്‍ക്കാര്‍ , സ്വകാര്യ സ്ഥാപനങ്ങളില്‍ എംബിബിഎസ്, ബിഡിഎസ്, ആയുഷ് തുടങ്ങിയ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായാണ് എന്‍ടിഎ നീറ്റ് -യുജി പരീക്ഷ നടത്തുന്നത്.