ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അയച്ച സമൻസ് ശരിവെച്ച് ഡൽഹി ഹൈക്കോടതി. 2018 ല്‍ യൂട്യൂബർ ധ്രുവ് രതി പ്രചരിപ്പിച്ച അപകീർത്തികരമായ വീഡിയോ റീട്വീറ്റ് ചെയ്‌തതിന് ക്രിമിനൽ മാനനഷ്‌ട കേസിലാണ് കെജ്‌രിവാളിന് സമൻസ്. അപകീർത്തികരമായ ഉള്ളടക്കം റീട്വീറ്റ് ചെയ്യുന്നത് ശിക്ഷാർഹമാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
അപകീർത്തികരമായ പരാമർശങ്ങളോ ഉള്ളടക്കമോ ഒരു വ്യക്തി റീട്വീറ്റ് ചെയ്യുകയോ റീപോസ്‌റ്റ് ചെയ്യുകയോ ചെയ്‌താൽ, ഐപിസിയുടെ 499-ാം വകുപ്പ് പ്രകാരം കേസെടുക്കാനുള്ള അധികാരമുള്ളതായി ജസ്റ്റിസ് സ്വര്‍ണ കാന്ത ശർമ്മ പറഞ്ഞു. ജനാധിപത്യ സമൂഹം എന്ന നിലയില്‍ അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും, മറ്റുള്ളവരെ ദ്രോഹിക്കാനോ കീർത്തി നശിപ്പിക്കാനോ വ്യക്തികൾക്ക് അധികാരമില്ലെന്നും പ്രശസ്‌തിക്ക് ഹാനി വരുത്തുന്നവ തീർച്ചയായും മാനനഷ്‌ടത്തിന് കാരണമാകുമെന്നും കോടതി പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെ മോശം പരാമര്‍ശങ്ങള്‍ ധാരാളം ആളുകളില്‍ എത്തുന്നുണ്ട്. വ്യാപകമായ പ്രചാരണത്തിന് ഇടയാക്കുന്നതിനാല്‍ അപകീർത്തിപ്പെടുത്തലിന്‍റെ പ്രത്യാഘാതങ്ങൾ വലുതാണെന്ന് കോടതി നിരീക്ഷിച്ചു. ബിജെപി ഐടി സെൽ രണ്ടാം ഭാഗം എന്ന തലക്കെട്ടോടെയുള്ള യൂട്യൂബ് വീഡിയോ പ്രചരിപ്പിച്ചത് ജർമ്മനിയിൽ താമസിക്കുന്ന രതിയാണ്. അതിൽ വ്യാജവും അപകീർത്തികരവുമായ നിരവധി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുള്ളതായി പരാതിക്കാരനായ വികാസ് സാംകൃതായൻ അവകാശപ്പെട്ടിരുന്നു.