ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അ ബിആർഎസ് നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കസ്‌റ്റഡി ഡൽഹി കോടതി ജൂലൈ 3 വരെ നീട്ടി. കവിതയ്‌ക്കെതിരെ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച മുൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അവരെ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ സ്‌പെഷ്യൽ ജഡ്‌ജി കാവേരിയാണ് കസ്‌റ്റഡി നീട്ടിയത്.
കേസിലെ കൂട്ടുപ്രതികളായ പ്രിൻസ്, ദാമോദർ, അരവിന്ദ് സിങ് എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. ഇഡിയുടെ അന്വേഷണത്തിൽ മൂന്ന് പ്രതികളെയും അറസ്‌റ്റ് ചെയ്യാതെ കുറ്റപത്രം സമർപ്പിച്ചു.
അഴിമതിക്കേസിൽ ഇഡിയും സിബിഐയും നൽകിയ രണ്ട് കേസുകളിൽ കവിത ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. മാർച്ച് 15 ന് ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വസതിയിൽ നിന്നാണ് കവിതയെ (46) ഇഡി അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് തിഹാർ ജയിലിൽ നിന്ന് സിബിഐ അറസ്‌റ്റ് ചെയ്‌തു.
അതേസമയം മദ്യനയ അഴിമതിക്കേസില്‍ ആം ആദ്‌മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഡല്‍ഹി റോസ് അവന്യൂ കോടതി ഈ മാസം അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. തന്‍റെ അറസ്‌റ്റിനെതിരെ കെജ്‌രിവാള്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മെയ് മാസം ആദ്യമാണ് സുപ്രീം കോടതി കെജ്‌രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്.