കൊൽക്കത്ത : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റിമാല്‍ ചുഴലിക്കാറ്റ് കരയിലേക്ക് നീങ്ങുന്നു. ഞായറാഴ്‌ച രാത്രി പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപാറയ്‌ക്കും ഇടയിൽ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഎംഡിയുടെ കണക്കനുസരിച്ച്, ഞായറാഴ്‌ച അർധരാത്രി ബംഗ്ലാദേശിനും കിഴക്കൻ സംസ്ഥാനത്തിൻ്റെ തീരപ്രദേശങ്ങൾക്കും ഇടയിലൂടെ റിമാല്‍ കടന്നുപോകും.
ഈ പ്രീ മൺസൂൺ സീസണിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ആദ്യ ചുഴലിക്കാറ്റാണിത്. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'റിമാല്‍' ചുഴലിക്കാറ്റ് ശക്തിയാർജിച്ച് ഖേപുപാറയിൽ നിന്ന് ഏകദേശം 290 കിലോമീറ്റർ തെക്ക്-തെക്ക് കിഴക്കും സാഗർ ദ്വീപിന് 270 കിലോമീറ്റർ തെക്ക്-തെക്ക് കിഴക്കുമായാണ് നിലവിൽ കേന്ദീകരിച്ചിരിക്കുന്നത്. മണിക്കൂറിൽ 110-120 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് കരയിലേക്ക് നീങ്ങുമെന്നും 135 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
മെയ് 26-27 തീയതികളിൽ പശ്ചിമ ബംഗാളിലെയും വടക്കൻ ഒഡിഷയിലെയും തീരദേശ ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. മെയ് 26 ന് രാത്രി 1.5 മീറ്റർ വരെ ഉയരത്തിൽ കൊടുങ്കാറ്റ് വീശാനും സാധ്യതയുണ്ട്. ഇത് പശ്ചിമ ബംഗാളിലെയും ബംഗ്ലാദേശിലെയും തീരദേശത്തെ താഴ്‌ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കുമെന്നാണ് കണക്കുകൂട്ടൽ.
മെയ് 26, 27 തീയതികളിൽ കൊൽക്കത്ത, ഹൗറ, നാദിയ, പുർബ മേദിനിപൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. കനത്തതോ അതിശക്തമായതോ ആയ മഴയും ഉണ്ടാകാം.
വടക്കൻ ഒഡിഷയിൽ, തീരദേശ ജില്ലകളായ ബാലസോർ, ഭദ്രക്, കേന്ദ്രപാര എന്നിവിടങ്ങളിൽ മെയ് 26-27 തീയതികളിൽ കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. മെയ് 27 ന് മയൂർഭഞ്ജിൽ കനത്ത മഴയ്‌ക്കും സാധ്യത. ബംഗ്ലാദേശ്, ത്രിപുര, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മറ്റ് ചില ഭാഗങ്ങളിലും കനത്ത മഴയ്‌ക്കും ശക്തമായ കാറ്റിനും ചുഴലിക്കാറ്റ് കാരണമാകുമെന്ന് ഐഎംഡി അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ മെയ് 22 ന് ആദ്യമായി കണ്ടെത്തിയ ഈ ന്യൂനമർദം പിന്നീട് കൂടുതൽ തീവ്രമാവുകയായിരുന്നു. നിലവിൽ വടക്കൻ ബംഗാൾ ഉൾക്കടലിലാണിത് സ്ഥിതി ചെയ്യുന്നത്. പശ്ചിമ ബംഗാൾ, തീരദേശ ബംഗ്ലാദേശ്, ത്രിപുര, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മറ്റ് ചില ഭാഗങ്ങൾ എന്നിവയെയാണ് 'റിമൽ' പ്രധാനമായും ബാധിച്ചത്.
ALSO READ: ന്യൂനമര്‍ദം ചുഴലിക്കാറ്റാകുന്നു; ശക്തിപ്രാപിച്ച് 'റിമാല്‍', മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത - Cyclone Remal Threatens