ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ ഏഴ് പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. തിരുവണ്ണാമല ക്ഷേത്രത്തിന് പിന്നിലായുള്ള മലയിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ സ്ഥലത്ത് തെരച്ചില്‍ പുരോഗമിക്കുകയാണ്.
മലയുടെ താഴെയുള്ള വീടുകള്‍ക്ക് മുകളില്‍ കൂറ്റൻ പാറയും മണ്ണും വീണിരിക്കുകയാണെന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. മണ്ണിനടിയിൽ 5-7 പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ കലക്‌ടർ ഡി ബാസ്‌കര പാണ്ഡ്യനും പൊലീസ് സൂപ്രണ്ട് എം സുധാകറും ഇന്നലെ (ഡിസംബർ 1) വൈകീട്ട് തന്നെ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫെൻജാല്‍ ചുഴലിക്കാറ്റ് കടന്ന് പോയതിന് ശേഷവും കനത്ത മഴ തുടരുന്ന പ്രദേശങ്ങളില്‍ ഒന്നാണ് തിരുവണ്ണാമല. തിരുവണ്ണാമലയിലെ അണ്ണാമലയാര്‍ കുന്നിന് താഴെ വിഒസി നഗറിലാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ തന്നെ ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു.
ഇതിന് ശേഷം കുറേ പേരെ അധികൃതർ പ്രദേശത്ത് നിന്ന് മാറ്റിയിരുന്നു. എന്നാല്‍ മാറാന്‍ തയാറാകാതെ ഒരുകൂട്ടം ആളുകള്‍ അവിടെ താമസിച്ചിരുന്നു. ഇതില്‍ ഏഴ് പേരെ കാണാനില്ലെന്നാണ് പരാതി.
പരാതിയെ തുടര്‍ന്ന് തിരുവണ്ണാമല എസ്‌പി അടക്കം സംഭവസ്ഥലത്തെത്തി. കാണാതായെന്ന് പറയപ്പെടുന്ന ഏഴ് പേരും വീട്ടില്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.
Also Read: കേരളത്തില്‍ പെരുമഴ, നാലിടങ്ങളില്‍ റെഡ് അലര്‍ട്ട്; വിവിധ ജില്ലകള്‍ക്ക് അവധി