ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാനലുകളുടെ ലോക്‌സഭ എക്‌സിറ്റ് പോളുകളുടെ ഒരു ചര്‍ച്ചയിലും പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനവുമായി കോണ്‍ഗ്രസ്. റേറ്റിങ്ങിന് വേണ്ടി ചാനലുകള്‍ നടത്തുന്ന യുദ്ധത്തിലും ഊഹാപോഹങ്ങളിലും ഭാഗമാകേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.
ജനങ്ങള്‍ അവരുടെ വോട്ടവകാശം വിനിയോഗിച്ചു. അവരുടെ വിധി സുരക്ഷിതമാണെന്നും കോണ്‍ഗ്രസ് വക്താവും മാധ്യമവിഭാഗം ചെയര്‍പേഴ്‌സണുമായ പവന്‍ ഖേര പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിന് പുറത്ത് വരുമെന്നും പവന്‍ ഖേര പറഞ്ഞു. അദ്ദേഹം തന്‍റെ അഭിപ്രായം എക്‌സിലും പങ്ക് വച്ചിട്ടുണ്ട്.
എക്‌സിറ്റ് പോളുകളുടെ ഒരു ചര്‍ച്ചയിലും കോണ്‍ഗ്രസ് പങ്കെടുക്കില്ല. ചര്‍ച്ചകളുടെ ഉദ്ദേശ്യം ജനങ്ങളെ അറിയിക്കണം. ജൂണ്‍ നാല് മുതലുള്ള ചര്‍ച്ചകളില്‍ തങ്ങള്‍ സന്തോഷത്തോടെ പങ്കു ചേരുമെന്നും ഖേര പ്രസ്‌താവനയില്‍ അറിയിച്ചു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്‌ത ശേഷമാണ് ഈ തീരുമാനമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്‍റെ തോല്‍വി സമ്മതിക്കലാണ് ഈ തീരുമാനമെന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ പ്രതികരിച്ചു. ഫലം തങ്ങള്‍ക്ക് അനുകൂലമല്ലെന്ന് മനസിലാകുമ്പോഴൊക്കെ കോണ്‍ഗ്രസ് ഇത്തരം നിലപാടുകളാണ് കൈക്കൊണ്ടിട്ടുള്ളതെന്നും നദ്ദ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് തങ്ങളുടെ കാപട്യം കൈവിട്ടിട്ടില്ല. അത് കൊണ്ട് തന്നെ ഏഴാംഘട്ടത്തിലെങ്കിലും ആരും കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചെയ്യരുതെന്നും നദ്ദ ആഹ്വാനം ചെയ്‌തു. തങ്ങള്‍ വിജയിക്കുമ്പോള്‍ കോണ്‍ഗ്രസിന് വോട്ടിങ്ങ് യന്ത്രങ്ങളെക്കുറിച്ചോ തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചോ യാതൊരു പരാതിയുമില്ല. ഹിമാചലിലും തെലങ്കാനയിലും അടുത്തിടെ നാം അത് കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: എല്ലാ എക്‌സിറ്റ് പോളുകളും ഫലിക്കില്ല; പാളിപ്പോയ ചില പ്രവചനങ്ങളുടെ കഥ