ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിന് തയാറാണെന്ന് രാഹുല്‍ ഗാന്ധി. മുൻ ജഡ്‌ജിമാരും മുതിർന്ന മാധ്യമപ്രവർത്തകനും മുന്നോട്ടുവച്ച ക്ഷണം രാഹുൽ ഗാന്ധി സ്വീകരിച്ചു. തന്‍റെ പാർട്ടി ക്ഷണം സ്വീകരിച്ചതായി ഗാന്ധി എക്‌സില്‍ കുറിച്ചു.
'പ്രധാന പാര്‍ട്ടികള്‍ രാജ്യത്തെ കുറിച്ചുള്ള തങ്ങളുടെ കാഴ്‌ചപ്പാട് ഒരു പൊതു വേദിയിൽ നിന്ന് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലതാണ്. കോൺഗ്രസ് ഈ ആശയത്തെ സ്വാഗതം ചെയ്യുകയും ചർച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്യുന്നു. ഈ ചർച്ചയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു.'- രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഈ മാസം ആദ്യം, ദി ഹിന്ദു ദിനപത്രത്തിന്‍റെ മുൻ എഡിറ്റർ എൻ റാമും സുപ്രീം കോടതി മുൻ ജഡ്‌ജി മദൻ ലോകൂർ, മുൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ പി ഷാ എന്നിവർ ഇരു നേതാക്കളോടും പൊതു സംവാദത്തിൽ പങ്കെടുക്കാൻ അഭ്യർഥിച്ചത്.
മറുപടിയിൽ രാഹുൽ ഗാന്ധി ഇങ്ങനെ കുറിച്ചു : 'പ്രിയ ജസ്റ്റിസ് (റിട്ട.) മദൻ ബി. ലോകൂർ, ജസ്റ്റിസ് (റിട്ട.) അജിത് പി ഷാ & മിസ്റ്റർ എൻ റാം. ഈ കത്ത് നിങ്ങള്‍ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പൊതു സംവാദത്തിലേക്കുള്ള നിങ്ങളുടെ ക്ഷണത്തിന് ഞാൻ നിങ്ങളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു.
കോൺഗ്രസ് അധ്യക്ഷൻ ശ്രീ മല്ലികാർജുൻ ഖാർഗെ ജിയുമായി ഞാൻ ഇതിനെ പറ്റി ചർച്ച ചെയ്‌തു. ഇത്തരം സംവാദം ജനങ്ങള്‍ക്ക് ഞങ്ങളുടെ കാഴ്‌ചപ്പാട് മനസിലാക്കാനും അവരെ കൃത്യമായ തെരഞ്ഞെടുപ്പ് തീരുമാനത്തിലേക്ക് നയിക്കാനും സഹായിക്കുമെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. തെരഞ്ഞെടുപ്പിൽ പോരാടുന്ന പ്രധാന കക്ഷി എന്ന നിലയിൽ ഞങ്ങളെ കേള്‍ക്കാന്‍ ജനങ്ങള്‍ക്കും ആഗ്രഹമുണ്ടാകും. 'ഞാനും കോൺഗ്രസ് അധ്യക്ഷനും അത്തരമൊരു സംവാദത്തിന് എപ്പോൾ വേണമെങ്കിലും തയാറാണെന്ന് അറിയിക്കുന്നു. തുടർന്ന് ചർച്ചയുടെ വിശദാംശങ്ങളും രൂപരേഖയും ചർച്ചചെയ്യാം.' ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം എൻ റാമും റീട്വീറ്റ് ചെയ്‌തു.