ന്യൂഡൽഹി: സിആർപിഎഫ് ഡിഐജി ഖജൻ സിങിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് കേന്ദ്രസർക്കാർ. രാജ്യത്തെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗമായ സിആർപിഎഫിലെ ചില വനിത ഉദ്യോഗസ്ഥർ ഖജൻ സിങിനെതിരെ നൽകിയ ലൈംഗികാതിക്രമ പരാതിയെ തുടർന്നാണ് പിരിച്ചുവിടലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഡിഐജിയും സിആർപിഎഫ് മുൻ സ്‌പോർട്‌സ് ഓഫീസറുമായ ഖജൻ സിങിനെ സർവീസിൽ നിന്നും പിരിച്ചുവിടാനുള്ള ഉത്തരവ് മെയ് 30 ന് രാഷ്‌ട്രപതിയുടെ ഓഫീസിൽ നിന്ന് പുറപ്പെടുവിച്ചിരുന്നു. മെയ് 31 മുതൽ സർവീസിൽ നിന്നുള്ള പിരിച്ചുവിടൽ പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഭ്യന്തര മന്ത്രാലയവും യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനും (യുപിഎസ്‌സി) അംഗീകരിച്ച രണ്ട് കാരണം കാണിക്കൽ നോട്ടീസ് സിആർപിഎഫ് ഉദ്യോഗസ്ഥന് നൽകിയതിന് ശേഷമാണ് പിരിച്ചുവിടാനുള്ള അന്തിമ ഉത്തരവ് വന്നത്. സേനയുടെ വെസ്‌റ്റ് സെക്‌ടറിന് കീഴിൽ നവി മുംബൈയിൽ നിയമിതനായ ഖജൻ സിങ് തനിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ നിഷേധിച്ചിരുന്നു. അവ തികച്ചും തെറ്റായ ആരോപണങ്ങൾ ആണെന്നും, തന്‍റെ പ്രതിച്‌ഛായ നശിപ്പിക്കാൻ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഏതാനും വർഷങ്ങൾക്ക് മുമ്പ് സിആർപിഎഫ് നടത്തിയ അന്വേഷണത്തിൽ ലൈംഗികാതിക്രമ ആരോപണങ്ങളിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് യുപിഎസ്‌സിയുടെ ശുപാർശകൾ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ആഭ്യന്തര കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് സിആർപിഎഫ് ആസ്ഥാനം നേരത്തെ അംഗീകരിക്കുകയും ഉചിതമായ അച്ചടക്ക നടപടിക്കായി യുപിഎസ്‌സിക്കും ആഭ്യന്തര മന്ത്രാലയത്തിനും കൈമാറുകയും ചെയ്‌തിരുന്നു. രണ്ട് കേസുകളിലാണ് ഉദ്യോഗസ്ഥൻ പ്രതിയായിരിക്കുന്നത്.
സിആർപിഎഫിന്‍റെ ചീഫ് സ്‌പോർട്‌സ് ഓഫീസറായി സേവനമനുഷ്‌ഠിച്ചിട്ടുള്ള ഖജൻ സിങ് 1986 ലെ സിയോൾ ഏഷ്യൻ ഗെയിംസിൽ 200 മീറ്റർ ബട്ടർഫ്‌ളൈ ഇനത്തിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട്. 1951 ലെ എഡിഷന് ശേഷം ടൂർണമെൻ്റിൽ നീന്തലിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഏകദേശം 3.25 ലക്ഷം പേർ അടങ്ങുന്ന സിആർപിഎഫിൽ, 1986 ലാണ് ആദ്യമായി സ്ത്രീകളെ കോംബാറ്റ് റാങ്കിൽ ഉൾപ്പെടുത്തിയത്. നിലവിൽ ആകെ 8,000 ഉദ്യോഗസ്ഥരുള്ള ആറ് ഫീമെയിൽ ബറ്റാലിയനുകളാണുള്ളത്.
ALSO READ : കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി