ഹൈദരാബാദ്: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പങ്കെടുപ്പിച്ചുവെന്ന പരാതിയിൽ സമർപ്പിച്ച എഫ്ഐആറിൽ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും തെലങ്കാന ബിജെപി അധ്യക്ഷൻ ജി കിഷൻ റെഡ്ഡിയുടെയും പേരുകൾ ഒഴിവാക്കിയതായി പൊലീസ്. മെയ് 1ന് തെലങ്കാനയിലെ ലാൽദവാസയിൽ നിന്ന് സുധ ടാക്കീസിലേക്കുള്ള ബിജെപി റാലിക്കിടെ ഷായ്‌ക്കൊപ്പം പ്രായപൂർത്തിയാകാത്ത കുറച്ച് കുട്ടികൾ ഉണ്ടായിരുന്നതായി തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് ജി നിരഞ്ജൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകിയിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പരാതി സിറ്റി പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് അമിത് ഷാ, ജി കിഷൻ റെഡ്ഡി, ഹൈദരാബാദ് ലോക്‌സഭ സീറ്റിലെ ബിജെപി സ്ഥാനാർഥി കെ മാധവി ലത, നിയമസഭാംഗം ടി രാജ സിങ്, ബിജെപി നേതാവ് ടി യമൻ സിങ് എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. എന്നാൽ അന്വേഷണത്തിന് ശേഷം അമിത് ഷായ്ക്കും കിഷൻ റെഡ്ഡിക്കും സംഭവത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതിനാൽ ഇരുവരെയും കേസിൽ നിന്ന് ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റ് മൂന്ന് പേർക്കുമെതിരെ കേസ് തുടരും.