ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ, അനുരാഗ് സിങ് താക്കൂർ, മുൻ മുഖ്യമന്ത്രിമാരായ മനോഹർ ലാൽ ഖട്ടർ, ത്രിവേന്ദ്ര സിങ് റാവത്ത്, ബസവരാജ് ബൊമ്മൈ എന്നിവരുൾപ്പെടെ 72 സ്ഥാനാർഥികളെ ഉള്‍പ്പെടുത്തിയാണ് രണ്ടാം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്.
ഗഡ്കരി നാഗ്പൂരിൽ നിന്നും പിയൂഷ് ഗോയൽ മുംബൈ നോർത്തിൽ നിന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ബിജെപി മുഖ്യ വക്താവും രാജ്യസഭാംഗവുമായ അനിൽ ബലൂനിയെ ഉത്തരാഖണ്ഡിലെ ഗർവാൾ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കും. ഡൽഹിയിൽ രണ്ട് പുതിയ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കിഴക്കൻ ഡൽഹിയിൽ നിന്ന് ഹർഷ് മൽഹോത്രയും വടക്ക് പടിഞ്ഞാറൻ ഡല്‍ഹിയില്‍ നിന്ന് യോഗേന്ദ്ര ചന്ദോളിയയുമാണ് മത്സരത്തിനിറങ്ങുക.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി കർണാടകയിലെ ധാർവാഡിൽ നിന്നും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബിവൈ രാഘവേന്ദ്ര ഷിമോഗയിൽ നിന്നും മത്സരിക്കും. ബിജെപിയുടെ യുവജന വിഭാഗം നേതാവ് തേജസ്വി സൂര്യ ബെംഗളൂരു സൗത്തിൽ നിന്ന് വീണ്ടും ജനവിധി തേടും. മൈസൂർ മണ്ഡലത്തിൽ മുൻ മൈസൂർ രാജകുടുംബത്തിലെ യദുവീർ കൃഷ്ണദത്ത വാഡിയാർ പ്രതാപ് സിംഹയ്ക്ക് പകരം ബിജെപി സ്ഥാനാർഥിയായി മത്സരിക്കും.
കേന്ദ്ര കായിക യുവജനകാര്യ മന്ത്രി അനുരാഗ് താക്കൂർ ഹിമാചൽ പ്രദേശിലെ ഹാമിർപൂരിൽ നിന്നും മഹാരാഷ്ട്രയിലെ മന്ത്രി സുധീർ മുൻഗന്തിവാർ ചന്ദ്രാപൂരിൽ നിന്നും മത്സരിക്കും. മുരളീധർ മോഹൽ പൂനെയിലും ഡോ.സുജയ് രാധാകൃഷ്ണ വിഖെ പട്ടീൽ അഹമ്മദ് നഗറിലും മത്സരിക്കും. അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കഞ്ജ മുണ്ടെ മഹാരാഷ്ട്രയിലെ ബീഡിൽ നിന്ന് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും.
അതേസമയം കര്‍ണാടകയില്‍ പ്രതാപ് സിന്‍ഹയ്ക്ക് സീറ്റില്ല. സിഎന്‍ മഞ്ജുനാഥാണ് ബെംഗളൂരു റൂറലില്‍ മത്സരിക്കുക. അശോക് തന്‍വാര്‍ ഹരിയാനയിലെ സിര്‍സയില്‍ മത്സരിക്കും. കര്‍ണാലില്‍ നിന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ മത്സരിക്കും. ദദ്ര നഗര്‍ ഹാവേലിയില്‍ നിന്നുള്ള സിറ്റിങ് എംപി കലബെന്‍ ദേല്ക്കറിനും സീറ്റ് നല്‍കിയിട്ടുണ്ട്. ശിവസേന താക്കറെ വിഭാഗത്തില്‍ നിന്നുള്ള എംപിയാണ് കലബെന്‍ ദേല്‍ക്കര്‍. ബിജെപി നേതാക്കളില്‍ നിന്നുണ്ടായ സമ്മര്‍ദം കാരണം ദേല്‍ക്കറിന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദേല്ക്കറിനും ബിജെപി സീറ്റ് നല്‍കിയത്. ചിന്ദ്വരയില് നിന്നാണ് ദേല്‍ക്കര്‍ മത്സരത്തിന് ഇറങ്ങുക.