ബറേലി: 6 സ്‌ത്രീകളെ കൊലപ്പെടുത്തിയ ബറേലി ജില്ലയിലെ സൈക്കോ കില്ലറെ പൊലീസ് സംഘം പിടികൂടി. നവാബ്‌ഗഞ്ച് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ബകർഗഞ്ച് ഗ്രാമത്തിൽ താമസിക്കുന്ന കുൽദീപിനെ (35) യാണ് ഇന്നലെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ ബറേലിയിലെ ഷാഹി പൊലീസ് സ്‌റ്റേഷൻ പരിധിയിലും ഷിഷ്‌ഗഡ് പൊലീസ് സ്‌റ്റേഷൻ പരിധിയിലുമായി കഴിഞ്ഞ ഒരു വർഷത്തിനിടെ 6 സ്‌ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി സീനിയർ പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു.
പ്രതികളെ പിടികൂടാൻ 22 സംഘങ്ങളെ വിന്യസിച്ചിരുന്നു. പ്രദേശത്തെ 1500 സിസിടിവി ക്യാമറകളും നിരീക്ഷിച്ചു. അതിന് ശേഷമാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഒരു വർഷത്തിനിടെ 6 സ്‌ത്രീകളെ കൊലപ്പെടുത്തിയതായി കുൽദീപ് സമ്മതിച്ചതായി അനുരാഗ് ആര്യ പറഞ്ഞു.
അമ്മ ജീവിച്ചിരിക്കെ അച്‌ഛൻ വീണ്ടും വിവാഹം കഴിച്ചു. രണ്ടാനമ്മ അവനെ മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടായിരുന്നു. കുറച്ച് കാലങ്ങൾക്ക് ശേഷം അമ്മ മരിച്ചു. തന്‍റെ അമ്മ മരിച്ചത് രണ്ടാനമ്മ കാരണമാണെന്നാണ് കുൽദീപ് വിശ്വസിച്ചിരുന്നത്. അതിനുശേഷം രണ്ടാനമ്മയുടെ പ്രായത്തിലുള്ള സ്‌ത്രീകളെ അയാൾ വെറുക്കാൻ തുടങ്ങി. പിന്നീട് 2014ൽ കുൽദീപ് വിവാഹിതനായി. എന്നാൽ അക്രമാസക്തമായ മനോഭാവം പ്രകടിപ്പിച്ച കാരണം ഭാര്യ അവനെ ഉപേക്ഷിച്ചു. ഇതിന് ശേഷം കുൽദീപ് മയക്കുമരുന്നിന് അടിമപ്പെടുകയും സ്‌ത്രീകകളോട് കൂടുതൽ അക്രമാസക്തനാകുകയും ചെയ്‌തു.
കുൽദീപ് കഴിഞ്ഞ ഒന്നര വർഷമായി ഷിഷ്‌ഗഡ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ തന്‍റെ മൂന്ന് ബന്ധുക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നും, പകൽ മുഴുവൻ പുറത്ത് കറങ്ങാറുണ്ടെന്നും എസ്എസ്‌പി പറഞ്ഞു. ആളൊഴിഞ്ഞ പറമ്പിൽ ഒറ്റയ്ക്ക് ജോലി ചെയ്യുന്ന സ്‌ത്രീകളെയാണ് ഇയാൾ കൊലപ്പെടുത്തിയരുന്നത്. സ്‌ത്രീകളോട് സംസാരിച്ച്, താനുമായി ബന്ധത്തിന് താത്‌പര്യമാണോ എന്ന് ചോദിക്കും. അവർ അത് വിസമ്മതിച്ചാൽ ഉടൻ ദേഷ്യപ്പെടുകയും അവർ ഉടുത്തിരുന്ന് സാരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്‌ത് സ്ഥലത്ത് നിന്ന് ഓടിപ്പോകും. ഇത്തരത്തിൽ നിരവധി സ്‌ത്രീകളെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
സ്‌ത്രീകളെ കൊലപ്പെടുത്തിയ ശേഷം കുൽദീപ് അവരിൽ നിന്ന് എന്തെങ്കിലും എടുത്ത് തന്‍റെ പക്കൽ സൂക്ഷിക്കാറുണ്ടെന്നും അത് ഇയാളിൽ നിന്ന് കണ്ടെടുത്തതായും എസ്‌പി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ കൊലപാതകങ്ങൾ പുനരന്വേഷിക്കുമെന്നും പ്രതികളെ റിമാൻഡ് ചെയ്‌ത് ചോദ്യം ചെയ്യുമെന്നും അനുരാഗ് ആര്യ പറഞ്ഞു.