ഹൈദരാബാദ്: വിൽപ്പനയിൽ വലിയ മുന്നേറ്റവുമായി തദ്ദേശീയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ഫ്രോങ്ക്‌സ്. 2023 ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച കാർ ഒന്നര വർഷത്തിനകം 2 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. നേരത്തെ 2024 ജനുവരിയിൽ കാറിന്‍റെ വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടിരുന്നു.
മാരുതി ഫ്രോങ്‌സിൻ്റെ ഈ നേട്ടം ഉപഭോക്താക്കളുടെ പ്രതീക്ഷകളെ നിറവേറ്റുന്നതിലും മികച്ച ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനുമുള്ള തങ്ങളുടെ ശ്രമത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൻ്റെ മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫിസർ പാർത്ഥോ ബാനർജി പറഞ്ഞു. 2025 സാമ്പത്തിക വർഷത്തിൽ, വിൽപ്പനയിൽ 16 ശതമാനം വാർഷിക വളർച്ചാ നിരക്ക് ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എഞ്ചിൻ ഫീച്ചറുകൾ:
മാരുതി ബ്രെസ്സയ്‌ക്കൊപ്പം സബ്-4 എസ്‌യുവി സെഗ്‌മെൻ്റിൽ മാരുതി സുസുക്കി അവതരിപ്പിച്ച രണ്ടാമത്തെ കാറാണ് ഇത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ, 1.2 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിൻ എന്നീ ഓപ്‌ഷനുകളിൽ സുസുക്കി ഫ്രോങ്ക്‌സ് ലഭ്യമാണ്. ഈ എഞ്ചിൻ ഓപ്‌ഷനുകൾക്കൊപ്പം സിഎൻജി ഇന്ധന ഓപ്ഷനും ലഭ്യമാണ്.
രണ്ട് എഞ്ചിൻ ഓപ്‌ഷനുകളിലും 5-സ്‌പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി ലഭ്യമാണ്. ടർബോ പെട്രോൾ എഞ്ചിനൊപ്പം 6-സ്‌പീഡ് എടിയും ആസ്‌പിറേറ്റഡ് എഞ്ചിനുള്ള 5-സ്‌പീഡ് എഎംടി ഗിയർബോക്‌സും രണ്ട്-പെഡൽ ഓപ്ഷനുകളായി ലഭ്യമാണ്.