ഹൈദരാബാദ്: ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ തങ്ങളുടെ ജനപ്രിയ സ്‌കൂട്ടറായ ഹോണ്ട ആക്‌ടിവ 125 മോഡലിൻ്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി. OBD2B (ഓൺബോർഡ് ഡയഗോസ്റ്റിക് 2 ബി) കംപ്ലയൻസിനൊപ്പം ചെറിയ കോസ്‌മെറ്റിക് മാറ്റങ്ങളും പുതിയ മോഡലിൽ നൽകിയിട്ടുണ്ട്. പുതിയ ടിഎഫ്‌ടി ഡിസ്പ്ലേയാണ് 125 സിസി സെഗ്‌മെന്‍റിലുള്ള പുതിയ ഹോണ്ട ആക്‌ടിവയുടെ മറ്റൊരു പ്രത്യേകത.
നിലവിലെ ഹോണ്ട ആക്‌ടിവ 125 മോഡലിൽ എൽസിഡി ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം പുതിയ മോഡലിന് 4.2 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. കോൾ അലേർട്ട്, നാവിഗേഷൻ അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളുള്ള ഹോണ്ടയുടെ റോഡ്‌സിങ്ക് ആപ്പുമായി പുതിയ ടിഎഫ്‌ടി ഡിസ്പ്ലേ ബന്ധിപ്പിക്കാനാവും. യുഎസ്ബി ടൈപ്പ് സി ചാർജിങ് പോർട്ടും സ്‌കൂട്ടറിൽ നൽകിയിട്ടുണ്ട്.
വാഹനങ്ങൾ പാരിസ്ഥിതിക, എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പുതുക്കിയ OBD2B മാനദണ്ഡങ്ങൾ അടുത്ത വർഷം നടപ്പാക്കാൻ പോകുകയാണ്. പുതിയ ഹോണ്ട ആക്‌ടിവ 125 ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ വാദം. ഇതിനായി വാഹനത്തിൽ 23.9cc ഫ്യുവൽ ഇൻജക്റ്റഡ് എഞ്ചിൻ ഉപയോഗിച്ചിട്ടുണ്ട്. പുതിയ ഹോണ്ട ആക്‌ടിവ 8.4hp പവറും 10.5Nm ടോർക്കും ഉത്പാദിപ്പിക്കും. ഇന്ധനക്ഷമതയ്‌ക്കായി എഞ്ചിൻ യാന്ത്രികമായി നിർത്തുകയും ആരംഭിക്കുകയും ചെയ്യാനായി മോട്ടോർ സ്റ്റാർട്ട്-സ്റ്റോപ്പ് ടെക്‌നോളജിയും ഈ മോഡലിൽ നൽകിയിട്ടുണ്ട്.
6 കളർ ഓപ്‌ഷനുകളാണ് പുതിയ ഹോണ്ട ആക്‌ടിവ 125 മോഡലിന് നൽകിയിരിക്കുന്നത്. പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ സൈറൺ ബ്ലൂ, റിബൽ റെഡ് മെറ്റാലിക്, പേൾ പ്രെഷ്യസ് വൈറ്റ് തുടങ്ങിയ നിറങ്ങളിലാണ് വാഹനം ലഭ്യമാവുക. ഇന്ധന ഉപഭോഗം അളക്കുന്നതിനും ഇന്ധനക്ഷമത പരിശോധിക്കുന്നതിനും ഇത് മീറ്ററിൽ കാണിക്കുന്നതിനുമായി ആധുനിക ഡിജിറ്റൽ മീറ്റർ നൽകിയിട്ടുണ്ട്. സ്‌മാർട്ട് കീ ആണ് പുതിയ മോഡലിന്‍റെ മറ്റൊരു പ്രത്യേകത.
വിലയെക്കുറിച്ച് പരിശോധിക്കുമ്പോൾ, ഡിഎൽഎക്‌സ് വേരിയൻ്റ് 94,442 രൂപയിലാണ് ആരംഭിക്കുന്നത്. കീ ഫോബും കീലെസ് ഇഗ്നിഷനും ഉള്ള ടോപ്പ് എച്ച്-സ്‌മാർട്ട് വേരിയൻ്റിന് 97,146 രൂപയാണ് വില. പുതിയ ആക്‌ടിവ 125 ൻ്റെ വില നിലവിലുള്ള മോഡലിനേക്കാൾ കൂടുതലാണ്. 80,256 രൂപയാണ് മുൻമോഡലിന്‍റെ വില. ചെലവേറിയ എമിഷൻ മോണിറ്ററിങ് സാങ്കേതിക വിദ്യയാണ് വില വർധനവിന് കാരണമെന്നാണ് കമ്പനി പറയുന്നത്.
നിലവിൽ ഹോണ്ട പുതുതായി രണ്ട് വേരിയന്‍റുകൾ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. ഫ്രണ്ട് ഡ്രം ബ്രേക്കുകൾ പോലുള്ള ഫീച്ചറുകളുള്ള കൂടുതൽ പതിപ്പുകൾ പിന്നീട് പുറത്തിറക്കിയേക്കാം. പുതിയ ഹോണ്ട ആക്‌ടിവ 125 മോഡലിൻ്റെ വിപണിയിലെ എതിരാളി ടിവിഎസ് ജൂപ്പിറ്റർ 125ന്‍റെ സ്‌മാർട്ട് കണക്‌റ്റ് വോരിയന്‍റാണ്. ടിഎഫ്‌ടി ഡിസ്‌പ്ലേയുള്ള ഈ മോഡലിൻ്റെ വില 90,721 രൂപയാണ്.
Also Read:
- ഫുൾ ചാർജിൽ 102 കിലോമീറ്റർ, ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി വേറെ ഘടിപ്പിക്കാം: ആക്‌ടിവയുടെ ഇവി പതിപ്പുമായി ഹോണ്ട
- ഒറ്റ ചാർജിൽ 153 കിലോമീറ്റർ, വില 1.20 ലക്ഷം രൂപ: ചേതക് 35 സീരീസ് ഇന്ത്യൻ വിപണിയിൽ
- മഹീന്ദ്രയുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവികൾ കണ്ട് അതിശയന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി: വൈറൽ വീഡിയോ
- 2024ൽ പുറത്തിറക്കിയ പത്ത് മികച്ച എസ്‌യുവികൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം
- 400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ