ഉറകൾ ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി കിണറിനുള്ളിൽ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
🎬 Watch Now: Feature Video
തിരുവനന്തപുരം: കിണറിൽ ഉറകൾ ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി കിണറിനുള്ളിൽ കുടുങ്ങി. വിഴിഞ്ഞം മുക്കോലയിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തമിഴ്‌നാട് സ്വദേശി മഹാരാജനാണ് (55) കിണറിനുള്ളിൽ അകപ്പെട്ടത്.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. കിണറിൽ ഇറക്കിയ ഉറകള്‍ക്ക് ഇടയിൽ മണ്ണ് ഇടുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു മഹാരാജൻ. ഇതിനിടയിൽ മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. കിണറിന് 30 അടി താഴ്‌ച്ചയുണ്ട്. ഇയാളെ പുറത്തെടുക്കാൻ ഫയർഫോഴ്‌സും നാട്ടുകാരും ശ്രമം നടത്തുകയാണ്. മണ്ണ് മാറ്റിയ ശേഷം മാത്രമേ ഇയാളെ പുറത്തെടുക്കാൻ സാധിക്കുകയുള്ളു.
കിണര്‍ നിര്‍മാണത്തിനിടെ അപകടം; ഒരു മരണം: ഇക്കഴിഞ്ഞ ഫെബ്രുവരി മാസം, കോട്ടക്കലില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് രണ്ട് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചിരുന്നു. എടരിക്കോട് പൊട്ടിപ്പാറ സ്വദേശി അലി അക്‌ബറാണ് (35) മരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിയ മറ്റൊരാളായ, അഹമദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിര്‍മാണം നടക്കുന്ന വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്ന് മണ്ണെടുക്കുമ്പോഴാണ് മണ്ണിടിഞ്ഞ് വീണ് ഇരുവരും കിണറ്റിലകപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മലപ്പുറത്ത് നിന്ന് അഗ്നിരക്ഷ സേനയും കോട്ടക്കല്‍ പൊലീസും സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനം നടത്തിയെങ്കിലും അക്‌ബറിനെ രക്ഷിക്കാനായില്ല.