അതിരപ്പിള്ളി ഏഴാറ്റുമുഖം ചെക്ക് പോസ്റ്റിന് സമീപം വഴി തടഞ്ഞ് കാട്ടാന 'കട്ടപ്പ' - കാട്ടാന ആക്രമണം
🎬 Watch Now: Feature Video
Published : Dec 17, 2023, 4:09 PM IST
തൃശൂര്‍: അതിരപ്പിള്ളി ഏഴാറ്റുമുഖം ചെക്ക് പോസ്റ്റിന് സമീപം വഴി തടഞ്ഞ് കാട്ടാന 'കട്ടപ്പ'. രാവിലെ ആറ് മണിക്കായിരുന്നു സംഭവം. റോഡിലേക്ക് എണ്ണപ്പന കുത്തി മറിച്ചിട്ട് ഒറ്റയാന്‍ കട്ടപ്പ വഴിയില്‍ നിലയുറപ്പിക്കുകയായിരുന്നു. ഇതോടെ ഒന്നര മണിക്കൂറോളം വിനോദ സഞ്ചാരികളും പ്രദേശവാസികളും റോഡില്‍ കുടുങ്ങി (Wild Elephant kattappa blocks road near check post at Athirappilly). അവധി ദിവസം ആയതിനാല്‍ നിരവധി വിനോദ സഞ്ചാരികളാണ് അതിരപ്പിള്ളി മേഖലയിലേക്ക് എത്തിയത്. എന്നാൽ ആന റോഡില്‍ നിലയുറപ്പിച്ചതോടെ കടന്നുപോകാൻ കഴിയാതെ വിനോദ സഞ്ചാരികളും പ്രദേശവാസികളും മണിക്കൂറോളം ബുദ്ധിമുട്ടി. ഇതിനിടെ കാട്ടാന വിനോദ സഞ്ചാരികളെ വിരട്ടിയോടിക്കുന്ന സാഹചര്യവും ഉണ്ടായി. മില്‍മയുടെ പാല്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറിയുള്‍പ്പടെ വഴിയില്‍ കുടുങ്ങി. കുറച്ചു ദിവസങ്ങളായി ഈ ആന പ്രദേശത്തുള്ളതായി നാട്ടുകാര്‍ പറയുന്നു. ഒടുവില്‍ ആന സ്വമേധയാ കാട് കയറിയതോടെയാണ് ഗതാഗതം പൂര്‍വ സ്ഥിതിയിലായത്. അടുത്തിടെ തൃശൂര്‍ പാലപ്പിള്ളിയില്‍ കാട്ടാന ശല്യം വീണ്ടും രൂക്ഷമായത് വാർത്തയായിരുന്നു. മേഖലയിലെ വിവിധ സ്ഥലങ്ങളിലായി അന്‍പതോളം കാട്ടാനകളാണ് തമ്പടിച്ചത്. പിള്ളത്തോട് (Pillathod) ഭാഗത്തായുള്ള പുതുക്കാട് എസ്‌റ്റേറ്റിലും വലിയകുളത്തും (Valiyakulam) കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു.