Vegetable and Fruit Promotion Council | കർഷർക്ക് 'ആശ്രയമായിരുന്നു' സ്വാശ്രയ വിപണികള്‍, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ചപ്പോൾ സംഗതി സ്വാഹ
🎬 Watch Now: Feature Video
ഇടുക്കി: കൂട്ടായ വിപണനം എന്ന ആശയത്തിലാണ് വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ (Vegetable and Fruit Promotion Council Kerala) നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ സ്വാശ്രയ കര്‍ഷക വിപണികള്‍ ആരംഭിച്ചത്. ഇടുക്കി ജില്ലയില്‍ പ്രാദേശികതലത്തില്‍ 15 ഓളം കര്‍ഷക സംഘത്തിലെ 300-ഓളം കര്‍ഷകര്‍ക്ക് പ്രയോജനപ്പെടും വിധമായിരുന്നു വിപണിയുടെ പ്രവര്‍ത്തനം. സ്വാശ്രയ ഗ്രൂപ്പുകളിലെ വിപണന മാസ്റ്റര്‍ കര്‍ഷകന്‍ അടങ്ങുന്ന കമ്മിറ്റിയാണ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ജില്ലയിലെ ഒട്ടുമിക്ക കര്‍ഷക വിപണികളുടെ പ്രവര്‍ത്തനവും നിര്‍ജീവാവസ്ഥയിലാണ്. ഇതോടെ ജില്ലയിലെ കർഷകർ ദുരിതത്തിലായി.
രാഷ്ട്രീയ നേതൃത്വങ്ങളുടെ നിയന്ത്രണത്തെ തുടർന്ന് പല സമിതികളുടെയും കമ്മിറ്റികളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വ്യാപക ആരോപണമുയർന്നു. രാജകുമാരിയിലെ സ്വാശ്രയ കര്‍ഷക സമിതിയും സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് തകർച്ചയിലാണ്. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന രാജകുമാരിയിലെ വിപണന കേന്ദ്രം നാശത്തിന്‍റെ വക്കിലാണ്. വിഎഫ്‌പിസികെ (VFPCK) കര്‍ഷക സമിതിയ്ക്കായി ലക്ഷങ്ങൾ മുടക്കി നിര്‍മിച്ച കെട്ടിടവും പരിസരവും ഇപ്പോൾ ഇഴ ജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. അക്കൗണ്ടിങ്, ഓഡിറ്റിങ് അടക്കമുള്ള കാര്യങ്ങളിൽ വിഎഫ്‌പിസികെ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്‌ചയാണ് കര്‍ഷക വിപണിയുടെ പ്രവർത്തനം താറുമാറാക്കിയത്. ഇതോടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായമായ തുകയാണ് കര്‍ഷകര്‍ക്ക് നഷ്‌ടമായത്. തമിഴ്‌നാട്ടിൽ നിന്ന് ഉള്‍പ്പെടെയുള്ള മൊത്തവില കച്ചവടക്കാര്‍ക്ക് വേണ്ടി വിപണികള്‍ ചില ഉദ്യോഗസ്ഥര്‍ ഇല്ലായ്‌മ ചെയ്‌തതാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. വിപണികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്നും കർഷകർ പറയുന്നു.