പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതൽ ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി - പുതിയ കൊവിഡ് വകഭേദം
🎬 Watch Now: Feature Video
തിരുവനന്തപുരം : കൊവിഡ് മറ്റ് രോഗങ്ങളുള്ളവരെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. നിലവിൽ രാജ്യത്ത് പടരുന്ന കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. എന്നാൽ ഗുരുതരാവസ്ഥയിൽ എത്തുന്ന സാഹചര്യമില്ലെന്നും വീണ ജോർജ് പറഞ്ഞു.
ചെറിയ ലക്ഷണങ്ങളോടെ രോഗം വന്ന് പോകുന്നതാണ് നിലവിൽ കാണുന്നത്. എന്നാൽ രോഗപ്രതിരോധ ശേഷി കുറവുള്ളവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഇതല്ല സ്ഥിതി. അതിനാൽ ജാഗ്രത പാലിക്കണം. മറ്റ് രോഗങ്ങളുള്ളവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണം.
ആശുപത്രികളിലെ സന്ദർശനത്തിനും മാസ്‌ക് നിർബന്ധമാണ്. നിലവിലെ സ്ഥിതിയിൽ ആശങ്കപ്പെടേണ്ട കാര്യങ്ങളൊന്നുമില്ല. ആർജിത പ്രതിരോധവും വാക്‌സിനേഷനും നല്ല രീതിയിൽ ഫലം ചെയ്യുന്നുണ്ട്. എന്നാൽ നേരത്തെ രോഗം വന്ന പലർക്കും കൊവിഡാനന്തര പ്രശ്‌നങ്ങൾ നിലവിലുണ്ട്.
അതുകൊണ്ട് തന്നെ ഒരിക്കൽ കൂടി കൊവിഡ് വരാതിരിക്കാൻ എല്ലാവരും പരമാവധി ജാഗ്രത പുലർത്തണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കണ്ണൂരിലെ മരണം കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൈകുന്നേരത്തോടെ മാത്രമേ ജില്ലകളിൽ നിന്നുള്ള കണക്കുകൾ ലഭിക്കുകയുള്ളൂ. അതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.