പിണറായി വിജയൻ മുണ്ടുടുത്ത മോദി, സർക്കാരിന് മാധ്യമങ്ങളെ ഭയം : വി ഡി സതീശൻ - സർക്കാരിനെതിരെ വി ഡി സതീശൻ
🎬 Watch Now: Feature Video
കോട്ടയം : മാധ്യമങ്ങളെ സർക്കാരിന് ഭയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏഷ്യാനെറ്റ് ഓഫിസിൽ കയറി പ്രതിഷേധിച്ച എസ്എഫ്ഐ നടപടിയെ വിമർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. നാട്ടിൽ എന്തുമാകാം എന്ന സ്ഥിതിയാണ് ചാനൽ ഓഫിസിലേക്ക് നടന്ന മാർച്ച്. മാധ്യമ സ്ഥാപനത്തിന് ഉള്ളിൽ കടന്ന് ഭീഷണിപ്പെടുത്തുന്നത് ഡൽഹിയിൽ നടക്കുന്നതിന് സമാനമാണെന്നും വി ഡി സതീശൻ പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാരിന് ഭയമുള്ളതുകൊണ്ടാണ് കുട്ടിപ്പട്ടാളത്തെ കൊണ്ട് ചുടുചോറ് വാരിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീർണതയുടെ അവസാനത്തെ ഉദാഹരണമാണ് കൊച്ചിയിൽ നടന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
മാത്യു കുഴൽനാടൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തെക്കുറിച്ചും വി ഡി സതീശൻ പ്രതികരിച്ചു. കുഴൽനാടൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല. താനും ഇതേ കാര്യമാണ് നിയമസഭയിൽ ആവർത്തിച്ചത്. സെൻട്രൽ ഏജൻസിയുടെ പബ്ലിക് ഡോക്യുമെന്‍റാണ് നിയമസഭയിൽ വായിച്ചത്. കുഴൽനാടന്‍റെ പ്രസംഗം നിയമസഭ രേഖയിൽ നിന്ന് നീക്കം ചെയ്‌തത് സഭയിൽ ഉന്നയിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
എല്ലാവരും നിയമസഭയിൽ രേഖകൾ പരാമർശിക്കാറുണ്ട്. എന്നാൽ ഇതിന് എന്തിനാണ് മുഖ്യമന്ത്രി പൊട്ടിത്തെറിക്കുന്നത്. മുണ്ടുടുത്ത മോദിയാണ് പിണറായി വിജയൻ. ഡൽഹിയിൽ മോദി ചെയ്യുന്നതാണ് കേരളത്തിൽ പിണറായി വിജയൻ ചെയ്യുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.
ഇനിയും നിരവധി കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് പുറത്തുവരും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. അനിൽ അക്കര ഇതിന്‍റെ തെളിവാണ് പുറത്തുകൊണ്ടുവന്നത്. രേഖകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. അല്ലാതെ വായിൽ തോന്നുന്നത് വിളിച്ചുപറയുകയല്ല ചെയ്യുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.