മന്ത്രി ആര്‍ ബിന്ദു ഇന്നുതന്നെ രാജിവയ്‌ക്കണം,നടന്നത് ഗവര്‍ണറുടെയും ഗവണ്‍മെന്‍റിന്‍റെയും ഗൂഢാലോചന : വിഡി സതീശന്‍ - കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 30, 2023, 4:47 PM IST

തൃശൂര്‍ : ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇന്നുതന്നെ രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സുപ്രീം കോടതി വിധി കേരളത്തിലെ പ്രതിപക്ഷം പറഞ്ഞത് അടിവരയിടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍. വൈസ് ചാന്‍സലര്‍ നിയമനം യുജിസി മാനദണ്ഡങ്ങള്‍ പൂര്‍ണമായി ലംഘിച്ച് കൊണ്ടുള്ളതായിരുന്നു. യൂണിവേഴ്‌സിറ്റി ചാന്‍സലറായ ഗവര്‍ണര്‍ക്ക് പ്രോ ചാന്‍സലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി കത്തെഴുതാനോ ഇടപെടല്‍ നടത്താനോ പാടില്ല. ഇവിടെ ചാന്‍സലര്‍ക്ക് കത്തെഴുതിയെന്ന് മാത്രമല്ല പ്രായപരിധി കഴിഞ്ഞയാള്‍ക്ക് വീണ്ടും പുനര്‍ നിയമനം നല്‍കുകയും ചെയ്‌തു. അനാവശ്യമായ ഇടപെടല്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായി എന്ന ഗുരുതരമായ കണ്ടെത്തലും കോടതി വിധിയിലുണ്ട്. ഉന്നത വിദ്യാഭ്യസ മന്ത്രി അടിയന്തരമായി രാജിവയ്ക്കണം. കാരണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ യൂണിവേഴ്‌സിറ്റി നിയമങ്ങളും തത്വങ്ങളും ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ ലംഘിച്ചിരിക്കുകയാണ്. ഗവര്‍ണറും ഗവണ്‍മെന്‍റും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണിത്. ഗവര്‍ണര്‍ സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കീഴടങ്ങിയെന്ന പ്രതിപക്ഷ ആരോപണം കോടതി അടിവരയിടുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ യൂണിവേഴ്‌സിറ്റികളെ സര്‍ക്കാര്‍ വകുപ്പുകളാക്കി മാറ്റാനുള്ള നീക്കത്തിനാണ് ഇപ്പോള്‍ കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ലഭിച്ചിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ അനാവശ്യമായി പിടിച്ചുവയ്ക്കാന്‍ പാടില്ല. എന്നാല്‍ ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുകയും സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്‍റുകളാക്കുകയും ചെയ്യുന്ന ബില്ലുകളുടെ ഉള്ളടക്കത്തോട് പ്രതിപക്ഷത്തിന് അഭിപ്രായ വ്യത്യാസമുണ്ട്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഒരു തര്‍ക്കവുമില്ല. സര്‍ക്കാരിന് പ്രതിസന്ധിയുണ്ടാകുമ്പോള്‍ തര്‍ക്കമുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. സമാധാന കാലത്ത് ഇവര്‍ അങ്ങോട്ടും ഇങ്ങോട്ടും മധുര പലഹാരങ്ങള്‍ കൈമാറുകയും മന്ത്രിമാര്‍ ഘോഷയാത്രയായി രാജ്ഭവനിലേക്ക് പോവുകയും ചെയ്യും. സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന് ആളുകളെ കളിപ്പിക്കുകയാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.