കോട്ടയം: നഴ്‌സിങ് വിദ്യാർഥിയെ റാഗിങിന് വിധേയമാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് കോട്ടയം നഴ്‌സിങ് കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തം. സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് പ്രവർത്തകർ കോളജ് വളപ്പിനുള്ളിൽ കയറാൻ ശ്രമിക്കുകയായിരുന്നു.
കോളജിൻ്റെ ഗേറ്റ് തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. അതേസമയം പ്രധാന കവാടത്തിന് സമീപത്തെ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചവർക്കെതിരെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രതികളായ എസ്‌എഫ്‌ഐക്കാരെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. റാഗിങിനെതിരെ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്. ചാണ്ടി ഉമ്മൻ എംഎൽഎ, ജോസ് എഫ് വാഴക്കൻ, ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു.