സംസ്ഥാനത്ത് തെരുവ് നായ്‌ക്കളുടെ ആക്രമണം തുടർക്കഥയാവുകയാണ്. മലപ്പുറത്ത് ഏഴ് വയസുകാരന് നേരെ തെരുവ് നായ്‌ക്കള്‍ പാഞ്ഞടുക്കുന്ന ദൃശ്യങ്ങള്‍ ഭീതി പരത്തുന്നതാണ്. തലനാരിഴയ്ക്കാണ് കുട്ടി ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്. മലപ്പുറം തെന്നല അറക്കലിൽ ആയിരുന്നു സംഭവം.
അറക്കൽ സ്വദേശി സിദ്ധിക്കിന്‍റെ മകൻ മുഹമ്മദ് ആശിറിനെയാണ് നായക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചത്. വീട്ടിലേക്ക് കയറിവരികയായിരുന്ന ആശിറിന് നേരെ, വീടിന്‍റെ മുറ്റത്തും കാര്‍പോര്‍ച്ചിലുമായി ഇരുന്ന നായക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. പേരിച്ചരണ്ട കുട്ടി നിലവിളിച്ചുകൊണ്ട് വീടിന്‍റെ അടുക്കള ഭാഗത്തേക്ക് ഓടി രക്ഷപെട്ടു. വീടനകത്ത് ഉണ്ടായിരുന്നവര്‍ ശബ്‌ദമുണ്ടാക്കിയാണ് നായകളെ തുരത്തിയത്.
മുഖത്തടക്കം കടിച്ചു; ഇടുക്കിയില്‍ നടന്ന തെരുവ് നായ ആക്രമണം
ഇടുക്കി വണ്ടിപ്പെരിയാറില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെ കഴിഞ്ഞ ദിവസം തെരുവ് നായ ആക്രമണം ഉണ്ടായി. വണ്ടിപ്പെരിയാര്‍ ജങ്ഷൻ സമീപം കളിച്ചുകൊണ്ടിരുന്ന ഒരു കുട്ടിയെയും മിനി സ്റ്റേഡിയത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന മറ്റൊരു കുട്ടിയെയുമാണ് തെരുവുനായ അക്രമിച്ചത്.
ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ മഞ്ഞുമല സ്വദേശിയായ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 14ന് വൈകുന്നേരം 6 മണിയോടു കൂടിയാണ് തെരുവുനായ കുട്ടികളെ ആക്രമിച്ചത്. വണ്ടിപ്പെരിയാർ മഞ്ജുമല സ്വദേശിയായ ശരവണന്‍റെ മകൾ സഞ്ജിനി (3) മാതാപിതാക്കൾക്കൊപ്പം പശുമല ജങ്ഷന് സമീപം കളിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കുട്ടിയുടെ മുഖത്ത് നായ കടിക്കുകയായിരുന്നു.
ഇതിനു ശേഷമാണ് വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിന് സമീപം നിന്ന വള്ളക്കടവ് സ്വദേശിയായ മറ്റൊരു പെൺകുട്ടിക്ക് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടാകുന്നത്. വള്ളക്കടവിൽ താമസിക്കുന്ന ആലോകിന്‍റെ മകൾ അഞ്ച് വയസുകാരി നിഹയിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ആക്രമണത്തിന് പിന്നാലെ ഇരുവരെയും വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി. ഗുരുതരമായി പരിക്കേറ്റ മഞ്ജുമല സ്വദേശിയായ സഞ്ജിനിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ തെരുവുനായ്‌കളുടെ ശല്യം കൂടിവരികയാണെന്ന് നാട്ടുകാര്‍ പറയുന്നു. അടിയന്തരമായി തെരുവ് നായകളെ പ്രദേശത്ത് നിന്ന് മാറ്റാനുള്ള നടപടി ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം, കേരളത്തിലൊട്ടാകെ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നുണ്ട്. 2024 ൽ സംസ്ഥാനത്ത് 3.16 ലക്ഷം തെരുവ് നായ ആക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നാണ് നിയമസഭാ രേഖയില്‍ പറയുന്നത്. പേവിഷ ബാധയേറ്റ് 26 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
2024 ൽ ഏറ്റവും കൂടുതൽ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത് തിരുവനന്തപുരത്താണെന്നും കണക്കുകള്‍ പറയുന്നു. 50,870 കേസുകളാണ് ജില്ലയിൽ മാത്രം റിപ്പോർട്ട് ചെയ്‌തത്. തൊട്ടുപിന്നില്‍ കൊല്ലം ജില്ലയാണ്. 37,618 കേസുകളാണ് കൊല്ലത്ത് റിപ്പോര്‍ട്ട് ചെയ്‌തത്.