ട്രെയിൻ തീവെപ്പ് കേസ്; ഷാരൂഖ് സെയ്‌ഫിയെ 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു - NIA
🎬 Watch Now: Feature Video
കോഴിക്കോട്: എലത്തൂരിലെ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി ഷാരൂഖ് സെയ്‌ഫിയെ 11 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. 14 ദിവസം കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി തള്ളി. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. ഏപ്രില്‍ 18 വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
അതേസമയം കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ കോഴിക്കോട് പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി. വിശദമായ തെളിവെടുപ്പും ചോദ്യം ചെയ്യലും ഉടൻ ആരംഭിക്കുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കനത്ത സുരക്ഷയിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പ്രതിയെ കോടതിയിൽ എത്തിച്ചത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോൾ എൻഐഎ സംഘവും കോടതിയിലെത്തിയിരുന്നു. അതിനിടെ കേസില്‍ റെയില്‍വേ പൊലീസ് സമർപ്പിച്ച എഫ്ഐആറില്‍ ഐപിസി 302 (കൊലപാതകം) കൂടി ഉൾപ്പെടുത്തി. ട്രാക്കില്‍ വീണ് മരിച്ച മൂന്ന് പേരെ അപായപ്പെടുത്തിയെന്നാണ് കേസ്.
മെഡിക്കല്‍ ബോർഡ് യോഗം ചേർന്ന് ഷാരൂഖ് സെയ്‌ഫിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വിലയിരുത്തിയിരുന്നു. ട്രെയിൻ തീവെപ്പ് സമയത്തുണ്ടായ ചെറിയ പരിക്കുകൾ മാത്രമാണ് പ്രതിക്കുള്ളതെന്നും മെഡിക്കല്‍ ബോർഡ് കണ്ടെത്തിയിരുന്നു.