വാനിൽ ശബ്‌ദ-വർണ വിസ്‌മയമായി തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്, നാളെ പൂരം - thrissur
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-18375851-thumbnail-16x9-jdd.jpg)
തൃശൂർ : പൂരനഗരിയെ പ്രകമ്പനം കൊള്ളിച്ച് വാനിൽ വർണവിസ്‌മയം തീർത്ത് തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്. പൂരം കെങ്കേമമാകുമെന്ന വിളംബരത്തോടെ ശബ്‌ദത്തോടൊപ്പം മാനത്ത് നിറങ്ങളും പെയ്‌തിറങ്ങി. വീര്യം കൈവിടാതെ പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ കത്തിക്കയറിയപ്പോൾ പൂരപ്രേമികളുടെ ആവേശവും കൊടുമുടി കയറി.
പതിനായിരക്കണക്കിന് പൂരപ്രേമികളാണ് സാമ്പിൾ വെടിക്കെട്ടിന് സാക്ഷിയാകാനെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്‌തത് ആശങ്കയുണർത്തിയെങ്കിലും സാമ്പിൾ വെടിക്കെട്ട് സമയത്ത് മഴ മാറി നിന്നത് ആശ്വാസമായി. ഇരു വിഭാഗങ്ങളും വെടിക്കെട്ടിന് തിരികൊളുത്തുമ്പോൾ കാഴ്‌ചക്കാരും ആവേശം കൊണ്ട് ആർപ്പുവിളിച്ചു.
വ്യത്യസ്‌തയിനം വെടിക്കോപ്പുകളുമായാണ് ഇരുവിഭാഗവും ഇത്തവണ സാമ്പിൾ വെടിക്കെട്ടിനെത്തിയത്. വന്ദേഭാരതും കെ റെയിലുമടക്കം ഇത്തവണ മാനത്ത് മിന്നി. രാത്രി 7.25ഓടെ തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരികൊളുത്തിയത്. പിന്നീട് 7.41ന് പാറമേക്കാവും തീ കൊളുത്തി.
പെസോയുടെ (പെട്രോളിയം എക്സ്പ്ലോസൈവ്സ് സേഫ്റ്റി ഓർഗനൈസേഷൻ) കർശന നിയന്ത്രണത്തിലായിരുന്നു സാമ്പിൾ വെടിക്കെട്ട് നടത്തിയത്. ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി നൽകിയിരുന്നത്. നാളെയാണ് (30.04.2023) വിശ്വ പ്രസിദ്ധമായ തൃശൂർ പൂരം.
Also read : പൂരത്തിനൊരുങ്ങി തൃശൂർ; ചമയ പ്രദർശനത്തിന് തുടക്കം