തിരുവമ്പാടിയും പാറമേക്കാവും ഉള്‍പ്പടെ എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിക്കൂറ ഉയർന്നു; തൃശൂർ പൂരത്തിന് കൊടിയേറി - തിരുവമ്പാടി
🎬 Watch Now: Feature Video
തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് കൊടിയേറി. രാവിലെ 11.30 ന് തിരുവമ്പാടിയിലും, 11.50 ന് പാറമേക്കാവിലുമാണ് കൊടിയേറ്റ് നടന്നത്. ഇതോടൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറി. അതേസമയം ഈ മാസം 30 നാണ് വിശ്വ പ്രസിദ്ധമായ തൃശൂർ പൂരം.
തിരുവമ്പാടിയിൽ പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൊടിക്കൂറ ഉയർത്തി. നടുവിലാലിലെയും നായ്ക്കനാലിലെയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയർത്തി. പാറമേക്കാവില്‍ വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടി ഉയർത്തി. ചെമ്പിൽ കുട്ടനാശാരി കവുങ്ങിൽ ആല്, മാവ്, ദർഭ എന്നിവ കൊണ്ട് അലങ്കരിച്ചു. സിംഹമുദ്രയുള്ള കൊടികളാണ് ഉയർത്തിയത്.
ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടി. കൊടിയേറ്റിന് ശേഷം പാറമേക്കാവ് കാശിനാഥൻ ഭഗവതിയുടെ തിടമ്പേറ്റി പുറത്തേക്ക് മേളത്തിന്‍റെ അകമ്പടിയോടെ എഴുന്നള്ളിപ്പുമുണ്ടായി. ഇരു ക്ഷേത്രങ്ങളിലും ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറിയതോടെ ശക്തന്‍റെ തട്ടകം പൂരാവേശത്തിലേക്ക് കടന്നു. ഇരു വിഭാഗങ്ങളുടെയും പൂര ചമയ ഒരുക്കങ്ങളും അന്തിമ ഘട്ടത്തിലാണ്.