തൃശൂര്‍ പെരിങ്ങാവില്‍ വന്‍ തീപിടിത്തം; ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനി ഗോഡൗണ്‍ കത്തി നശിച്ചു - latest news in kerala
🎬 Watch Now: Feature Video
തൃശൂർ: പെരിങ്ങാവില്‍ ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം. രണ്ട് കോടി രൂപയുടെ നാശനഷ്‌ടമുണ്ടായി. ഇന്ന് രാവിലെയോടെയാണ് സംഭവം. ചെമ്പുക്കാവ് - പെരിങ്ങോട് റോഡിന് സമീപമുള്ള വയലിലാണ് ആദ്യം തീപിടിത്തമുണ്ടായത്. വയലിലെ പുല്ലിന് തീപിടിക്കുകയും തുടര്‍ന്ന് കമ്പനിയുടെ ഗോഡൗണിലേക്ക് പടരുകയുമായിരുന്നു.
ശക്തമായി കാറ്റ് വീശിയതിനെ തുടര്‍ന്നാണ് തീ കമ്പനിയിലേക്ക് പടര്‍ന്നതെന്നാണ് നിഗമനം. തീ പൊള്ളലേറ്റ് രണ്ട് നായകുട്ടികളും ചത്തു. വിവിധയിടങ്ങളില്‍ നിന്നായി 12 ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി രണ്ടര മണിക്കൂര്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്.
തീ അണയ്‌ക്കുന്നതിനിടെ ഫയര്‍മാന്‍ കുഴഞ്ഞ് വീണു. കുന്നംകുളം ഫയർഫോഴ്‌സ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ വിപിനാണ് കുഴഞ്ഞ് വീണത്.
തൃശൂരില്‍ കാട്ടു തീ രൂക്ഷം: കഴിഞ്ഞ നാല് ദിവസമായിട്ട് ജില്ലയിലെ വനമേഖലയില്‍ കാട്ടു തീ രൂക്ഷമാണ്. മരോട്ടിച്ചാൽ, മാന്ദാമംഗലം എന്നിവിടങ്ങളിലാണ് കാട്ടു തീ പടര്‍ന്നത്. നാല് ദിവസമായിട്ടും തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ഏക്കര്‍ കണക്കിന് വന ഭൂമി കത്തി നശിച്ചു.
also read: ബ്രഹ്മപുരത്തെ പുക കെടുത്താന്‍ വ്യോമസേന, ഹെലികോപ്‌റ്റര്‍ മുഖേന വെള്ളം സ്‌പ്രേ ചെയ്യും