ടോറസ് ലോറിയിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം - bike accident kottayam
🎬 Watch Now: Feature Video
കോട്ടയം : കുമാരനെല്ലൂരിൽ ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ തിരുവഞ്ചൂർ സ്വദേശി പ്രവീൺ, സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂക്ക് എന്നിവരാണ് മരിച്ചത്. കുമാരനെല്ലൂർ തൂത്തുട്ടി റോഡിൽ കൊച്ചാലുംചുവട്ടില്‍ വച്ച് വൈകിട്ട് ആറ് മണിയോടെയാണ് അപകടം ഉണ്ടായത്.
മൂന്ന് പേരും ഒരു ഡ്യൂക്ക് ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. കുമാരനെല്ലൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന ടോറസ് ലോറിയിൽ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികരെ നാട്ടുകാർ ഉടൻ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൂന്ന് പേരുടേയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഇവര്‍ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും അമിത വേഗത്തിലായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ബൈക്ക് പൂർണമായും തകർന്നിട്ടുണ്ട്. ലോറി ഡ്രൈവർക്ക് പരിക്കില്ല.
also read : കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി, നവജാത ശിശു അടക്കം 3 മരണം: ഡ്രൈവർ അറസ്‌റ്റിൽ
ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് കെ എസ് ആർ ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് നവജാത ശിശു അടക്കം മൂന്ന് പേർ മരിച്ചത്. പ്രസവം കഴിഞ്ഞ് ആശുപത്രി വിട്ടശേഷം വീട്ടിലേയ്‌ക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമിത വേഗത്തിലെത്തിയ കെ എസ് ആർ ടി സി ഫാസ്‌റ്റ് പാസഞ്ചർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.