ഇൻസെന്‍റീവ് മുടങ്ങി, കാലിത്തീറ്റ വിലയിലും വർധനവ് ; ദുരിതത്തിലായി ക്ഷീരകർഷകർ
🎬 Watch Now: Feature Video
കോട്ടയം: സർക്കാർ ക്ഷീരകർഷകരിൽ നിന്ന് ശേഖരിക്കുന്ന പാലിന് നൽകി വന്നിരുന്ന ഇൻസെന്‍റീവ് മുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. ജില്ലയിലെ 245 ക്ഷീരസംഘം മുഖേന 10,029 കർഷകരാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. 2022 ജൂലൈ മാസത്തിൽ 8,000 ത്തിന് മുകളില്‍ കർഷകർക്കാണ് ഇൻസെന്‍റീവ് നൽകിയത്. നാല് രൂപ വീതമാണ് ഡയറി ഡിപ്പാർട്ട്‌മെന്‍റ് ഫണ്ടാണ് നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഓണത്തോട് അനുബന്ധിച്ച് ജൂലൈ മാസത്തിൽ ഒരു കോടി 18 ലക്ഷം രൂപ കർഷകർക്ക് വിതരണം ചെയ്‌തെങ്കിലും പിന്നീട്, കർഷകരുടെ അക്കൗണ്ടിലേക്ക് തുക എത്തിയിട്ടില്ല. ക്ഷീര സംഘത്തിൽ പാൽ അളക്കുന്ന എല്ലാ കർഷകർക്കും നാല് രൂപ വീതം ഒരു ലിറ്റർ പാലിന് എന്ന നിരക്കിൽ എല്ലാ മാസവും പത്താം തീയതിക്കുള്ളിൽ നൽകുമെന്നാണ് നിയമസഭ സമ്മേളനത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആ പ്രഖ്യാപനം വാക്കിൽ മാത്രമൊതുങ്ങി എന്നാണ് ഉയരുന്ന ആക്ഷേപം. എൽഎസ്‌ജിഡി മുഖേന മൂന്ന് രൂപ വീതവും ക്ഷീരവകുപ്പിൽ നിന്ന് ഒരു രൂപയും അടക്കമാണ് നാല് രൂപ വീതം നൽകിയിരുന്നത്. 2022 ജൂലൈ മുതൽ അടുത്ത 2023 മാർച്ച് വരെ മുഴുവൻ ക്ഷീരകർഷകർക്കും ഇൻസെന്‍റീവ് നൽകുമെന്നാണ് പ്രഖ്യാപിച്ചിത്. എന്നാൽ, 2023 ജൂലൈ മാസമായിട്ടും തുക എത്തിയിട്ടില്ലെന്ന് കർഷകനായ എബി ഐപ്പ് പറഞ്ഞു. തുക ലഭിക്കാൻ ക്ഷീരശ്രീ എന്ന പോർട്ടലിൽ കർഷകൻ പേര് രജിസ്റ്റർ ചെയ്യണം. എന്നാൽ പോർട്ടലിൽ രജിസ്റ്റർ ചെയ്‌ത കർഷകർ നോക്കുകുത്തികളായി മാറുകയായിരുന്നു. അതാത് ദിവസങ്ങളിൽ സംഘങ്ങളിൽ അളക്കുന്ന പാലിന് അനുസരിച്ച് ഓരോ കർഷകന്‍റെയും അക്കൗണ്ടിൽ തുക എത്തുന്നതായിരുന്നു പദ്ധതി. കാലിത്തീറ്റ വിലയിലും വർധനവുണ്ടായതിനെ തുടർന്ന് പാൽ വിലയും വർധിപ്പിക്കണമെന്ന കർഷകരുടെ ആവശ്യത്തിന് പരിഹാരമായാണ് സർക്കാർ ഇൻസെന്‍റീവ് പദ്ധതി നടപ്പാക്കിയത്.