'മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാനുണ്ട്'; വന്ദന ദാസിന്‍റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് സുരേഷ് ഗോപി - സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്‌ടര്‍
🎬 Watch Now: Feature Video
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്‌ടർ വന്ദന ദാസിന്‍റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് നടൻ സുരേഷ് ഗോപി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കുറുപ്പുന്തറയിലെ വന്ദന ദാസിന്‍റെ വീട്ടിൽ സുരേഷ് ഗോപി എത്തിയത്. ഒരു മണിക്കൂറോളം വന്ദന ദാസിന്‍റെ മാതാപിതാക്കളായ മോഹൻ ദാസിനോടും വസന്ത കുമാരിയോടും സുരേഷ് ഗോപി സംസാരിച്ചു.
മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാൻ കുടുംബം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ച് കാര്യങ്ങൾ അറിയിക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. സാമൂഹിക ശുദ്ധീകരണം അനിവാര്യമാണെന്നും സമൂഹം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മകൾ നഷ്‌ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ ആകില്ലെന്നും മനുഷ്യന്‍റെ മനോഘടനയെ മാറ്റുന്ന ഉത്‌പന്നങ്ങള്‍ക്കെതിരെ സമൂഹം കവചം ഒരുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. മകൻ മാധവ്, ബിജെപി മധ്യമേഖല അധ്യക്ഷൻ എൻ ഹരി തുടങ്ങിയവരും സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്നു.
സന്ദീപിന് മാനസിക പ്രശ്‌നമില്ല: അതേസമയം ഡോക്‌ടർ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്‌ടര്‍മാർ അറിയിച്ചു. പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോ അരുണ്‍ നേതൃത്വം നൽകിയ സംഘം ജയിലിലെത്തി പരിശോധന നടത്തിയാണ് സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കാട്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് സന്ദീപിനെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള നടപടികളിലേക്കാകും പൊലീസ് കടക്കുക. ഇതിനായി അന്വേഷണ സംഘം കോടതിയില്‍ നാളെ അപേക്ഷ നൽകും.